remesh chennithala’s statement about train ticket

തിരുവനന്തപുരം: വിമാനത്തിലേത് പോലെ ട്രെയിനിലും തിരക്കനുസരിച്ച് യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള തിരുമാനം യാത്രക്കാരെ കൊള്ളയടിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഈ പരിഷ്‌ക്കാരം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജധാനി, തുരന്തോ, ശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകളിലാണ് തുടക്കത്തില്‍ പരിഷ്‌ക്കാരമെങ്കിലും കാലക്രമേണ മറ്റ് ട്രെയിനുകള്‍ക്കും ഇത് ബാധകമാക്കാന്‍ പോവുകയാണ്.

ആദ്യം ബുക്ക് ചെയ്യുന്ന പത്ത് ശതമാനം പേര്‍ക്കേ യഥാര്‍ത്ഥ നിരക്കില്‍ യാത്ര ചെയ്യാനാവൂ. മറ്റുള്ളവര്‍ക്ക് ഓരോ പത്ത് ശതമാനം കഴിയുമ്പോഴും ആനുപാതികമായി നിരക്ക് കൂടും. ഫലത്തില്‍ യാത്രക്കാരില്‍ ഭൂരിപക്ഷത്തിനും അമ്പത് ശതമാനത്തോളം ഉയര്‍ന്ന നിരക്ക് നല്‍കേണ്ട അവസ്ഥയാണുണ്ടാകുന്നത്.

റെയില്‍വേയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനോ അപകടങ്ങള്‍ ഒഴിവാക്കാനോ ശ്രദ്ധിക്കാതെ ജനങ്ങളെ പരമാവധി പിഴിയാനാണ് അധികൃതരുടെ ശ്രമം. ബഡ്ജറ്റില്‍ പ്രഖ്യാപിക്കാതെയാണ് പിന്‍വാതില്‍ വഴി വര്‍ദ്ധനവ് കൊണ്ടുവന്നിരിക്കുന്നത്.

ഇത് പ്രതിഷേധാര്‍ഹമാണ്. റെയില്‍വേയുടെ ഈ പരിഷ്‌ക്കാരം ഏറ്റവും കൂടുതല്‍ ബാധിക്കുക ദീര്‍ഘദൂര സഞ്ചാരികളായ മലയാളികളെയാണ്. ഓണക്കാലത്ത് മറുനാടന്‍ മലയാളികള്‍ നാട്ടില്‍ വരുന്ന സമയത്താണ് നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Top