REMESH CHENNITHALA’S STATEMENT

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ തലമുറമാറ്റം വേണമെന്ന് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി പറഞ്ഞത് തനിക്കും ബാധകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കോണ്‍ഗ്രസിന്റെ നന്മ ഉദ്ദേശിച്ചാണ് ആന്റണി ഇക്കാര്യം പറഞ്ഞതെന്നും അതനുസരിച്ച് മുന്നോട്ടുപോകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് നേതൃനിരയിലേക്ക് കൂടുതല്‍ ചെറുപ്പക്കാര്‍ വരണമെന്നാണ് കഴിഞ്ഞ ദിവസം ആന്റണി അഭിപ്രായപ്പെട്ടത്.

ഇതിനെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും രംഗത്തെത്തിയിരുന്നു.

നേതാക്കന്‍മാര്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതല്ല ഐക്യമെന്നും ഒന്നിച്ചുനിന്നില്ലെങ്കില്‍ പാര്‍ട്ടി നാശത്തിലാവുമെന്നും ആന്റണി മുന്നറിയിപ്പ് നല്‍കിയിരുന്നു.

യുഡിഎഫില്‍ നിന്നും വിട്ടുപോയ കേരള കോണ്‍ഗ്രസ് എമ്മുമായി പ്രാദേശിക സഹകരണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അവര്‍ തന്നെയാണെന്നും യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ ചെന്നിത്തല വ്യക്തമാക്കി.

മുന്നണി വിട്ടെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സഹകരണം തുടരാനായിരുന്നു കേരള കോണ്‍ഗ്രസിന്റെ തീരുമാനം.

എന്നാല്‍, ഇന്നലെ ആരു വിട്ടുപോയാലും യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്നും മുന്നണി തകര്‍ക്കാനാവില്ലെന്നും വ്യക്തമാക്കി രമേശ് ചെന്നിത്തല രംഗത്തുവന്നിരുന്നു.

Top