എന്‍സിപിയുടെ യുഡിഎഫ് പ്രവേശനം; ചര്‍ച്ച നടന്നിട്ടില്ലെന്ന് ചെന്നിത്തല

കൊച്ചി: മുന്നണിപ്രവേശന കാര്യം എന്‍സിപിയുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ കെ ശശീന്ദ്രന്‍ ഉള്‍പ്പടെ ഉള്ളവര്‍ വന്നാലും സ്വീകരിക്കും, എന്‍സിപി പൂര്‍ണ്ണമായി യുഡിഎഫിലേക്ക് വരുന്നതിനോടാണ് താല്പര്യം. മാണി സി കാപ്പനും ഒപ്പം ഉള്ളവരും മാത്രമാണ് വരുന്നതെങ്കിലും അവരെയും യുഡിഎഫിലേക്ക് സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കിയിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. അയോധ്യ രാമക്ഷേത്ര നിധിയിലേക്ക് എല്‍ദോസ് കുന്നപ്പള്ളി നൂറു രൂപ സംഭാവന നല്‍കിയെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പെരുമ്പാവൂരിലെ ഓഫീസില്‍ എത്തി സംഭാവന വാങ്ങിയതിന്റെ ചിത്രവും ഇതോടൊപ്പമുണ്ടായിരുന്നു. എന്നാല്‍, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചാണ് സംഭാവന കൈപ്പറ്റിയത് എന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഈ മാസം 14ന് യുഡിഎഫില്‍ ചേരുമെന്നാണ് മാണി സി കാപ്പന്‍ വിഭാഗത്തിന്റെ പ്രചരണം. കോട്ടയത്തെ യുഡിഎഫ് നേതാക്കള്‍ കാപ്പനെ സ്വീകരിക്കുമെന്നും സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം നടക്കുന്നുണ്ട്. മാണി സി കാപ്പന്‍ കോണ്‍ഗ്രസിലേക്ക് വന്നാലും സന്തോഷമേ ഉള്ളൂവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. കൈപ്പത്തി ചിഹ്നം നല്‍കുന്നതും പരിഗണിക്കുമെന്ന് മുല്ലപള്ളി കൊച്ചിയില്‍ പറഞ്ഞു. എന്‍സിപിയുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Top