രമേശ് ചെന്നിത്തലയുടെ സ്വന്തം തട്ടകമാണ് ഹരിപ്പാട്. എന്നാല്‍, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഈ മണ്ഡലത്തില്‍ വന്‍ മുന്നേറ്റം നടത്തിയതോടെ രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ പോലും യു.ഡി.എഫ് പരാജയപ്പെടുന്ന സാഹചര്യമാണുണ്ടായത്. ചെന്നിത്തലയെ മാത്രമല്ല സകല കോണ്‍ഗ്രസ്സ് നേതാക്കളെയും ഞെട്ടിച്ച സംഭവമായിരുന്നു അത്. സ്വന്തം വാര്‍ഡില്‍ പോലും മുന്നണിയെ വിജയിപ്പിക്കാന്‍ കഴിയാത്തവന്‍ സംസ്ഥാനത്ത് യു.ഡി.എഫിനെ എങ്ങനെ അധികാരത്തിലെത്തിക്കും എന്ന ചോദ്യം രാഷ്ട്രീയ നിരീക്ഷകരും ഉയര്‍ത്തുകയുണ്ടായി.
യഥാര്‍ത്ഥത്തില്‍ ഈ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഉമ്മന്‍ ചാണ്ടിയെ തലപ്പത്ത് കൊണ്ടു വന്ന സംഭവം. എന്നാല്‍, ഇതു മുന്നില്‍ കണ്ടാണ് ഹൈക്കമാന്റ് ഉമ്മന്‍ ചാണ്ടിക്ക് ചുമതല നല്‍കും മുന്‍പ് തന്നെ ഐശ്വര്യ കേരള യാത്ര പ്രഖ്യാപനം ചെന്നിത്തല നടത്തിയിരുന്നത്. പ്രതിപക്ഷ നേതാവായതിനാല്‍ ജാഥ ചെന്നിത്തല തന്നെ നയിക്കട്ടെ എന്ന തീരുമാനം ഘടക കക്ഷികളെ കൊണ്ട് എടുപ്പിക്കാനും ചെന്നിത്തലക്കു കഴിഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ശാരീരികാവസ്ഥയും ഇക്കാര്യത്തില്‍ ചെന്നിത്തലക്ക് ഗുണമായി മാറുകയാണുണ്ടായത്. എന്നാല്‍, ഇപ്പോള്‍ പരമാവധി ഇടങ്ങളില്‍ പാഞ്ഞെത്താന്‍ ഉമ്മന്‍ ചാണ്ടിയും ശ്രമിക്കുന്നുണ്ട്. സെക്രട്ടറിയേറ്റിനു മുന്നിലെ സമരത്തില്‍ ഇടപെട്ടതും ഇതിന്റെ ഭാഗമാണ്. ഐശ്വര്യ കേരള യാത്രയേക്കാള്‍ വാര്‍ത്താ പ്രാധാന്യം ലഭിച്ചതും ഉമ്മന്‍ ചാണ്ടിയുടെ ഈ ഇടപെടലിനാണ്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കളത്തില്‍ നിറഞ്ഞു നില്‍ക്കാനാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മത്സരിക്കുന്നത്.
ഐശ്വര്യ കേരള യാത്രയില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കുന്ന യോഗങ്ങളിലാണ് കൂടുതല്‍ ജനങ്ങളെന്നതും ചെന്നിത്തലയെ വിറളിപിടിപ്പിച്ചിട്ടുണ്ട്. 140 മണ്ഡലങ്ങളിലും താനാണ് മത്സരിക്കുന്നതെന്ന ചെന്നിത്തലയുടെ പരാമര്‍ശവും അദ്ദേഹത്തിനു തന്നെയാണിപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. കോണ്‍ഗ്രസ്സിലെ ‘എ’ വിഭാഗത്തെ ചെന്നിത്തലയുടെ ഈ പരാമര്‍ശം ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. യു.ഡി.എഫിനു അധികാരം കിട്ടിയാല്‍ ഉമ്മന്‍ ചാണ്ടി തന്നെയാകും മുഖ്യമന്ത്രി എന്നു തറപ്പിച്ചു പറയുന്ന ‘എ’ വിഭാഗം നേതാക്കള്‍ അഥവാ, ഭരണം ലഭിച്ചില്ലങ്കിലും ചെന്നിത്തല പ്രതിപക്ഷ നേതാവാകില്ലെന്നാണ് തുറന്നടിക്കുന്നത്.
കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗത്തിന്റെ ഈ നിലപാടിനെ ഒരിക്കലും നിസാരമായി തള്ളാന്‍ കഴിയുന്നതല്ല. എ വിഭാഗം പാലം വലിച്ചാല്‍ ഹരിപ്പാട് ചെന്നിത്തലയുടെ കാര്യം ഏറെ പരുങ്ങലിലാകും. തിരഞ്ഞെടുപ്പിനു ശേഷമുള്ള ‘തലവേദന’ ഒഴിവാക്കാന്‍ അത്തരമൊരു നിലപാട് പാര്‍ട്ടിയിലെ ചെന്നിത്തല വിരോധികള്‍ സ്വീകരിക്കാനുള്ള സാധ്യതയും ഏറെ കൂടുതലാണ്.
ഇടതുപക്ഷം ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ ഇത്തവണ ഹരിപ്പാട് നിര്‍ത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതും ചെന്നിത്തലയുടെ ചങ്കിടിപ്പിക്കുന്ന കാര്യമാണ്. അതുകൊണ്ട് കൂടിയാണ് ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാട്ടെ യോഗത്തില്‍ ആളെ ഇറക്കി ചെന്നിത്തല കളിച്ചിരിക്കുന്നത്. സിനിമാ താരങ്ങളായ രമേഷ് പിഷാരടിയെയും ഇടവേള ബാബുവിനെയും രംഗത്തിറക്കിയതും ബോധപൂര്‍വ്വമാണ്. ഹരിപ്പാട് ഓളമുണ്ടാക്കുകയായിരുന്നു ലക്ഷ്യം.
സംഘ പരിവാര്‍ അനുകൂലിയായ മേജര്‍ രവിയെ ഐശ്വര്യ കേരള യാത്രയില്‍ എത്തിച്ചതും ചെന്നിത്തലയുടെ രാഷ്ട്രീയ തന്ത്രമാണ്. സംഘ പരിവാര്‍ സംഘടനകള്‍ക്ക് സ്വാധീനമുള്ള ഹരിപ്പാട് മേജര്‍ രവിയെ പ്രചരണത്തിനിറക്കാനും ചെന്നിത്തലക്ക് പദ്ധതിയുണ്ട്. പരിവാര്‍ വോട്ടു കൊണ്ടാണ് കഴിഞ്ഞ തവണ ചെന്നിത്തല ഹരിപ്പാട് ജയിച്ചതെന്നാണ് സി.പി.എമ്മും ആരോപിച്ചിരിക്കുന്നത്. രണ്ടാംകിട സിനിമാ പ്രവര്‍ത്തകരെ രംഗത്തിറക്കി ചെന്നിത്തല കാണിച്ച ചെപ്പടി വിദ്യകളൊന്നും ഹരിപ്പാട് വിലപ്പോവില്ലന്നാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍ പറയുന്നത്. അതിനു ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് നടന്‍ കൃഷ്ണ കുമാറിന്റെ തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രതികരണമാണ്.
‘പ്രധാനമന്ത്രി ഇനി തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്യുമ്പോള്‍ സ്വീകരിക്കുക ബി.ജെ.പിക്കാരിയായ മേയറായിരിക്കുമെന്നാണ് ‘ കൃഷ്ണകുമാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ദയനീയ പരാജയമാണ് ബി.ജെ.പിക്ക് ഏറ്റു വാങ്ങേണ്ടി വന്നിരുന്നത്. 2015ല്‍ നേടിയ സീറ്റുകള്‍ പോലും നേടാന്‍ ബി.ജെ.പിക്കു കഴിഞ്ഞിരുന്നില്ല. കൃഷ്ണ കുമാറും, സുരേഷ് ഗോപിയും കളം നിറഞ്ഞു കളിച്ചിട്ടും ഔട്ടായ ബി.ജെ.പിയുടെ ആ അവസ്ഥയാണ് ചെന്നിത്തലയെയും ഇപ്പോള്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഓര്‍മ്മപ്പെടുത്തുന്നത്.