കൊല്ലം:കേരളത്തിലെ മത്സ്യമേഖലയെ അമേരിക്കന്‍ കമ്പനിക്ക് തീറെഴുതുന്നുവെന്ന് പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഴക്കടല്‍ മത്സ്യ ബന്ധനം നടത്താന്‍ ഇഎംസിസി എന്ന അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയുമായി കരാറില്‍ അഴിമതി നടന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. 5000 കോടി രൂപയുടെ കരാറില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഒപ്പിട്ടത്. വന്‍കിട അമേരിക്കന്‍ കുത്തക കമ്പനിക്ക് കേരള തീരം തീറെഴുതി കൊടുക്കുന്ന വന്‍ അഴിമതിയാണ് കരാറിന് പിന്നിലെന്ന് പ്രതിക്ഷ നേതാവ് ആരോപിച്ചു.
സ്പ്രിംഗ്ലറിനേക്കാളും ഇ മൊബിലിറ്റിയെക്കാളും വലിയ അഴിമതിയാണ് നടന്നതെന്നും, മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഗൂഢാലോചന നടത്തിയെന്നും ചെന്നിത്തല ആരോപിച്ചു. ഇഎംസിസി പ്രതിനിധികളുമായി 2018 ല്‍ ന്യൂയോര്‍ക്കില്‍ മേഴ്‌സിക്കുട്ടിയമ്മ ചര്‍ച്ച നടത്തി. എല്‍ഡിഎഫിലും മന്ത്രിസഭയിലും ചര്‍ച്ച നടത്താതെയാണ് കരാറില്‍ ഒപ്പിട്ടത്. 10 ലക്ഷം രൂപ മാത്രം മൂലധനമുള്ള, 2 വര്‍ഷം മുമ്പ് മാത്രം തുടങ്ങിയ കമ്പനിയാണ് ഇഎംസിസി. കരാറില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് ഗ്ലോബല്‍ ടെന്‍ഡര്‍ വിളിച്ചില്ല. എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റും വിളിച്ചിട്ടില്ല.
400 ട്രോളറുകളും 2 മദര്‍ ഷിപ്പുകളും കേരള തീരത്ത് മല്‍സ്യ ബന്ധനം നടത്താന്‍ പോവുകയാണ്. നമ്മുടെ മത്സ്യസമ്പത്ത് നശിക്കുമെന്നും കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന കരാറാണെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കരാറിനെ പറ്റി അറിഞ്ഞിട്ടുണ്ടോ എന്ന് ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കെഎസ്‌യു പ്രവര്‍ത്തകരെ കാരണമില്ലാതെ തല്ലിച്ചതച്ചു. നെയിം ബോര്‍ഡ് ഇല്ലാത്ത പൊലീസുകാര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. വിദ്യാര്‍ത്ഥി സമരത്തെ ചോരയില്‍ മുക്കി കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നത്. ജീവിക്കാനായി സമരം ചെയ്യുന്ന ചെറുപ്പക്കാരെ മുഖ്യമന്ത്രി അപമാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.