ജനങ്ങൾ യു.ഡി.എഫിനെ കൈവിട്ടാൽ ചെന്നിത്തലയുടെ കസേരയും തെറിക്കും . .

ലോകസഭ തിരഞ്ഞടുപ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും ജീവന്‍ മരണ പോരാട്ടമാകും. കെ.കരുണാകരന്റെ നിഴല്‍ പറ്റി രാഷ്ട്രീയ രംഗത്തേക്ക് കടന്ന് വന്ന ചെന്നിത്തലക്ക് ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് കാലിടറിയാല്‍ വലിയ ‘പണി’യാകും.

കെ.പി.സി.സി അദ്ധ്യക്ഷനായിരിക്കെ കോണ്‍ഗ്രസ്സിനെ തിരഞ്ഞെടുപ്പുകളില്‍ വിജയിപ്പിച്ചതാണ് ഹൈക്കമാന്റിനു മുന്നില്‍ അദ്ദേഹത്തിന് നിലവിലുള്ള പരിഗണനക്ക് പ്രധാനകാരണം. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാനും ഇപ്പോള്‍ പ്രതിപക്ഷം നേതൃസ്ഥാനത്ത് ഇരിക്കാനും വഴി ഒരുക്കിയതും പഴയ ഈ നേട്ടങ്ങളാണ്.

എന്നാല്‍ നിലവില്‍ കേരള രാഷ്ട്രീയത്തിലെ സ്ഥിതി കോണ്‍ഗ്രസ്സിനും രമേശ് ചെന്നിത്തലക്കും അത്ര ശോഭകരമല്ല. പിണറായി സര്‍ക്കാറിനെതിരെ കാര്യമായി ഒരു പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരാന്‍ പോലും യു.ഡി.എഫിന് കഴിഞ്ഞിട്ടില്ല. നടത്തിയ സമരങ്ങളാകട്ടെ സമ്പൂര്‍ണ്ണ പരാജയവുമായിരുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തല പൂര്‍ണ്ണ പരാജയമാണെന്ന അഭിപ്രായം കോണ്‍ഗ്രസ്സില്‍ മാത്രമല്ല, മുസ്ലീം ലീഗ് – കേരള കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്കിടയിലും ഉയര്‍ന്നു കഴിഞ്ഞു.

അവരും അവസരത്തിനായി കാത്തിരിക്കുകയാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ അടിതെറ്റിയാല്‍ അത് പൊട്ടിത്തെറിയില്‍ കലാശിക്കും. അങ്ങനെ സംഭവിച്ചാല്‍ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെടുമെന്നാണ് ഘടക കക്ഷികള്‍ നല്‍കുന്ന സൂചന. കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗവും ഈ നിലപാടില്‍ തന്നെയാണ്. പ്രതിപക്ഷ നേതാവ് എങ്ങനെ ആയിരിക്കണം എന്നതിന് വി.എസ് അച്യുതാനന്ദനെ കണ്ടു പഠിക്കാനാണ് യു.ഡി.എഫ് അണികളും നേതാക്കളും രമേശ് ചെന്നിത്തലയെ ഓര്‍മ്മിപ്പിക്കുന്നത്.

വി.എസ്. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പ്രായത്തെ അതിജീവിച്ച് മലവരെ കയറാന്‍ തയ്യാറായതും ജനകീയ വിഷയങ്ങളില്‍ വിട്ടുവീഴ്ച ഇല്ലാതെ നിരന്തരം ഇടപെടല്‍ നടത്തിയതും അവര്‍ ചൂണ്ടിക്കാട്ടുന്നു. വി.എസിന്റെ ഈ പ്രവര്‍ത്തന മികവ് ഭരണതുടര്‍ച്ച എന്ന നിലയിലേക്ക് തന്നെ കാര്യങ്ങള്‍ എത്തിക്കുന്ന അവസ്ഥതന്നെ സൃഷ്ടിച്ചു. തലനാരിഴക്കാണ് കഴിഞ്ഞ തവണ ഇടതിന് ഭരണം നഷ്ടപ്പെട്ടതെന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉണ്ടായതെന്നും ഓര്‍ക്കണമെന്നും ചെന്നിത്തല വിരുദ്ധര്‍ തുറന്നടിക്കുന്നു.

പ്രതിപക്ഷത്തിന്റെ റോള്‍ പലപ്പോഴും നിയമസഭക്ക് പുറത്ത് ബി.ജെ.പി ഏറ്റെടുക്കുന്നത് തന്നെ രമേശ് ചെന്നിത്തലയുടെ വീഴ്ചയായാണ് യു.ഡി.എഫിലെ വിലയിരുത്തല്‍. ശബരിമല വിഷയം കൈകാര്യം ചെയ്ത രീതി, ജനവികാരം ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതില്‍ വന്ന വീഴ്ച എന്നിവയുടെ പാപഭാരവും ചെന്നിത്തലക്ക് മേലാണ് കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗം അടിച്ചേല്‍പ്പിക്കുന്നത്. ആഭ്യന്തര മന്ത്രി പദം ഉള്‍പ്പെടെ സ്വന്തം കാര്യവും ഗ്രൂപ്പ് മേധാവിത്വവും ഉറപ്പാക്കാന്‍ ഹൈക്കമാന്റില്‍ നിരന്തരം ഇടപെട്ട ചെന്നിത്തല ശബരിമല വിഷയത്തില്‍ ആത്മാര്‍ത്ഥത കാട്ടിയില്ലെന്നും പാര്‍ട്ടിയിലെയും മുന്നണിയിലെയും പ്രബല വിഭാഗം കരുതുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ എത്ര സീറ്റുകളില്‍ വിജയിക്കാന്‍ പറ്റുമെന്ന കാര്യത്തില്‍ യു.ഡി.എഫ് നേതാക്കളില്‍ തന്നെ പരക്കെ ആശങ്ക ഉയര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ തവണ നേടിയ 12 സീറ്റില്‍ എത്ര എണ്ണം കുറഞ്ഞാലും അത് രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷ നേതൃസ്ഥാനത്തിനാണ് ഇനി ഇളക്കം തട്ടുക.

ഈ അപകടം മുന്‍കൂട്ടി കണ്ട് ലോകസഭ തിരഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയമാണ് വിലയിരുത്തപ്പെടുക എന്ന് പറഞ്ഞ് ഇപ്പോള്‍ തന്നെ മുന്‍ കൂര്‍ ജാമ്യം എടുത്ത് ഐ വിഭാഗം രംഗത്തുണ്ടെങ്കിലും അത് വിലപ്പോവാന്‍ സാധ്യത ഇല്ല.

ലോകസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടി നേരിട്ടാല്‍ ചെന്നിത്തലയുടെ കസേര തെറിക്കുമെന്നും പുതിയ പ്രതിപക്ഷ നേതാവ് നിയമസഭക്ക് അകത്ത് ഉണ്ടാകുമെന്നുമാണ് യു.ഡി.എഫ് തലപ്പത്ത് നിന്നും ലഭിക്കുന്ന സൂചന.

political reporter

Top