ചെന്നിത്തല തുടങ്ങിയപ്പോൾ തന്നെ, യു.ഡി.എഫിന് വെല്ലുവിളിയും വർദ്ധിച്ചു !

മേശ് ചെന്നിത്തല ഐശ്വര്യ കേരളയാത്ര തുടങ്ങിയ ഉടനെ തന്നെ കോണ്‍ഗ്രസ്സിന് ഉണ്ടായിരിക്കുന്നതും ഐശ്വര്യകേട്. രണ്ട് സംഭവങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സ് നേതൃത്വതിന്റെ ചങ്കിടിപ്പിക്കുന്നത്. അതില്‍ ഒന്ന്, തൃശൂര്‍ അതിരൂപതയുടെ നിലപാടാണ്. അധികാരം പിടിച്ചെടുക്കാന്‍ ഏത് തീവ്രവാദ പ്രസ്ഥാനങ്ങളുമായും കൂട്ടുകൂടാനുള്ള മുന്നണി നീക്കം അംഗീകരിക്കാനാവില്ലെന്നാണ് അതിരൂപത തുറന്നടിച്ചിരിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി-കോണ്‍ഗ്രസ് ബന്ധം പരോക്ഷമായി സൂചിപ്പിച്ചാണ് ഈ വിമര്‍ശനം. ഇത്തരം കൂട്ടുകെട്ടിലൂടെ നഷ്ടപ്പെടുത്തുന്നത് മതേതര ബന്ധങ്ങളാണെന്നും ഇവര്‍ ക്രൈസ്തവ സമൂഹത്തെ അവഗണിക്കുകയാണെന്നും രൂപത മുഖപത്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പരമ്പരാഗത വോട്ട് ബാങ്കായി ക്രൈസ്തവ സമൂഹത്തെ ഇനി ആരും കാണേണ്ടതില്ലെന്നും ആരാണോ പരിഗണിക്കുന്നത്, അവര്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുമെന്നുമാണ് മുഖപത്രത്തിലൂടെ രൂപത വ്യക്തമാക്കിയിരിക്കുന്നത്. ചെന്നിത്തലയുടെ ജാഥ തൃശൂര്‍ എത്തുന്നതിന് മുന്‍പ് തന്നെ രൂപതയുടെ ഭാഗത്ത് നിന്നും ഇത്തരം ഒരു നിലപാടുണ്ടായത് കോണ്‍ഗ്രസ്സ് നേതൃത്വത്തെ ശരിക്കും അമ്പരപ്പിച്ചിട്ടുണ്ട്. പരമ്പരാഗത വോട്ട് ബാങ്കായി ക്രൈസ്തവ വോട്ടുകളെ കാണുന്നത് കോണ്‍ഗ്രസ്സ് ആണെന്നിരിക്കെ രൂപതയുടെ മാറിയ മുഖമാണ് ഇവിടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ഇടതുപക്ഷത്തെ സംബന്ധിച്ച് ഏറെ പ്രതീക്ഷ നല്‍കുന്ന നിലപാടുകൂടിയാണിത്.  ഇടഞ്ഞ് നില്‍ക്കുന്ന വിവിധ ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ യു.ഡി.എഫ് നേതൃത്വം ശക്തമായ ഇടപെടലുകളാണ് നടത്തി വന്നിരുന്നത്. ഐശ്വര്യ കേരള യാത്ര തുടങ്ങും മുന്‍പ് മഞ്ചേശ്വരത്തും യു.ഡി.എഫ് നേതാക്കള്‍ ക്രൈസ്തവ ആരാധനാലയങ്ങളിലടക്കം സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.

മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും നിര്‍ണ്ണായകമായ ക്രൈസ്തവ വോട്ടുകള്‍ നഷ്ടപ്പെട്ടാല്‍ യു.ഡി.എഫിനെ സംബന്ധിച്ച് അതു വലിയ പ്രഹരമായാണ് മാറുക. ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ്സിന് ക്രൈസ്തവ സംഘടനകളുടെ പിന്തുണയില്ലന്ന യാഥാര്‍ത്ഥ്യവും വൈകിയാണെങ്കിലും കോണ്‍ഗ്രസ്സ് നേതൃത്വത്തിന് ഇപ്പോള്‍ ബോധ്യമായിട്ടുണ്ട്. ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത് തെറ്റായിപ്പോയി എന്ന് രഹസ്യമായാണെങ്കില്‍ പോലും കോണ്‍ഗ്രസ്സ് നേതാക്കള്‍ തുറന്നു പറഞ്ഞ് തുടങ്ങിയിട്ടുമുണ്ട്. തൃശൂര്‍ അതിരൂപതയുടെ നിലപാട് കൂടി പുറത്ത് വന്നതോടെ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണിപ്പോള്‍ കോണ്‍ഗ്രസ്സ് നേതൃത്വം.

അവരെ അലട്ടുന്ന രണ്ടാമത്തെ സംഭവം. വി ഫോര്‍ പീപ്പിള്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ്. കൊച്ചി, എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നാണ് വി ഫോര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി കോര്‍പ്പറേഷന്‍ ഭരണം നഷ്ടപ്പെടാന്‍ കാരണം ഈ പാര്‍ട്ടിയുടെ സാന്നിധ്യമാണെന്ന് വിശ്വസിക്കുന്നവരാണ് കോണ്‍ഗ്രസ്സുകാര്‍. യു.ഡി.എഫ് നേതൃത്വത്തിന്റെ ചങ്കിടിപ്പിക്കുന്നതും ആ കണക്കുകള്‍ തന്നെയാണ്. വി ഫോര്‍ മത്സരിക്കുമെന്ന് പറയുന്ന നാല് മണ്ഡലങ്ങളില്‍ എറണാകുളം, തൃക്കാക്കര മണ്ഡലങ്ങള്‍ കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റുകളാണ്. തൃപ്പൂണിത്തുറ, കൊച്ചി മണ്ഡലങ്ങളാവട്ടെ ഇടതുപക്ഷത്തിന്റെ കൈവശമാണുള്ളത്. വി ഫോര്‍ കൊച്ചി മത്സരിച്ചാല്‍ നാല് മണ്ഡലങ്ങളിലും അത് ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുക. കോണ്‍ഗ്രസ്സ് നേതൃത്വവും ഈ ആശങ്ക ചൂണ്ടിക്കാട്ടുന്നുണ്ട്.

കൊച്ചി കോര്‍പറേഷനില്‍, ഇരുപതോളം ഡിവിഷനുകളില്‍, ജയപരാജയങ്ങള്‍ നിശ്ചയിച്ചത് പത്ത് ശതമാനത്തിലധികം വോട്ട് നേടിയ വിഫോര്‍ കൊച്ചി ആയിരുന്നു. കൊച്ചി മണ്ഡലത്തിന്റെ ഭാഗമായ കോര്‍പറേഷന്‍ ഡിവിഷനുകളില്‍ പതിമൂന്ന് ശതമാനത്തിലധികം വോട്ടുകളാണ് ഈ അരാഷ്ട്രിയ സംഘടന നേടിയിരുന്നത്. ട്വന്റി ട്വന്റി മോഡല്‍ ഒരു കുതിപ്പായിരുന്നു അത്. യു.ഡി.എഫ് വോട്ട് ബാങ്കിലാണ് പ്രധാനമായും വിഫോറും വിള്ളലുണ്ടാക്കിയിരുന്നത്. ഈ ‘വിള്ളല്‍’ നിയമസഭ തിരഞ്ഞെടുപ്പിലേക്കു കൂടി വ്യാപിച്ചാല്‍ കോണ്‍ഗ്രസ്സ് കോട്ടകളായ എറണാകുളവും തൃക്കാക്കരയും വീഴാനും സാധ്യത ഏറെയാണ്. ഇത്തവണ കൊച്ചിയും തൃപ്പൂണിത്തുറയും പിടിച്ചെടുക്കാമെന്ന സ്വപ്നവും അതോടെ തീരും.

ട്വന്റി ട്വന്റിയുടെ സാന്നിധ്യം കുന്നത്തുനാട്, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വിഫോറും ട്വന്റി ട്വന്റിയും പ്രതിപക്ഷ വോട്ടുകളാണ് ചോര്‍ത്തുക എന്നതിനാല്‍ ഈ പാര്‍ട്ടികളുടെ സാന്നിധ്യത്തെ പോസറ്റീവായാണ് ഇടതുപക്ഷം നോക്കി കാണുന്നത്. അതേസമയം അരാഷ്ട്രീയ സംഘടനകളെ എതിര്‍ക്കുന്ന നിലപാട് തുടരുമെന്നും ഇടതു നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിഫോര്‍ കേരള ക്യാംപെയിന്‍ കോഓര്‍ഡിനേറ്റര്‍ നിപുന്‍ ചെറിയാനാണ് കൊച്ചിയില്‍ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പുള്ള സംസ്ഥാനത്തെ ആദ്യ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കൂടിയാണിത്. ഉദ്ഘാടനത്തിനു മുന്‍പേ വൈറ്റില പാലം തുറന്ന് കൊടുത്ത സംഭവത്തില്‍ അറസ്റ്റിലായ വിവാദ നായകന്‍ കൂടിയാണ് നിപുന്‍ ചെറിയാന്‍.സംസ്ഥാന ഭരണം പിടിച്ചെടുക്കാന്‍ ചെന്നിത്തല യാത്ര തുടങ്ങിയ രണ്ടാം ദിവസം തന്നെയാണ് യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുന്ന ഈ രണ്ട് സംഭവങ്ങളും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. യാത്ര തലസ്ഥാനത്തെത്തുമ്പോഴേക്കും ഇടതിന്റെ തുടര്‍ഭരണം ഉറപ്പിക്കുന്ന സാഹചര്യമാണോ ഉണ്ടാകുക എന്ന ചോദ്യവും ഇതോടെ ശക്തമായിട്ടുണ്ട്.

 

Top