മധുവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ലെന്ന് ചെന്നിത്തല

remesh chennithala

തിരുവനന്തപുരം: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ മൃതദേഹത്തില്‍ അന്തിമോപാചാരം അര്‍പ്പിക്കാനോ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിക്കാനോ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൃശൂരിലുണ്ടായിട്ട് പോലും മുഖ്യമന്ത്രി അങ്ങോട്ട് പോയില്ല. വെറും അഞ്ച് മിനിട്ട് മാത്രം മതിയായിരുന്നു അങ്ങോട്ടേക്ക് പോകാന്‍. ഒരാഴ്ച കഴിഞ്ഞ് പോകുമെന്നാണ് അദ്ദേഹം പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കൊലപാതകങ്ങളിലൊന്നും മുഖ്യമന്ത്രി അപലപിക്കാന്‍ തയ്യാറാകാത്തത് ഈ സര്‍ക്കാരിന്റെ നിലപാടിന്റെ ഭാഗമാണ്. കൊലപാതക കേസുകളില്‍ സര്‍ക്കാരിന് ലാഘവ മനോഭാവമാണ്. കൊലയാളികള്‍ക്ക് കൂട്ട് നില്‍ക്കുന്ന സര്‍ക്കാരാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

ചോരക്കൊതി തീരാത്ത ഇടതു ഭരണം നിയമസഭയില്‍ തുറന്നു കാട്ടാന്‍ പോലും സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ഈ നടപടികള്‍ ജനാധിപത്യ വിരുദ്ധമാണ്. സഭാനടപടികള്‍ക്ക് വിരുദ്ധമാണ്. ഷുഹൈബിനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിനു മുന്‍പാണ് അട്ടപ്പാടിയിലെ മധുവിന്റെയും മണ്ണാര്‍കാട്ടെ സഫീറിന്റെയും കൊലപാതകങ്ങള്‍ നടക്കുന്നത്. വെട്ടിക്കൊല, കുത്തിക്കൊല, ചവിട്ടിക്കൊല, തുടങ്ങിയ കൊലപാതക പരമ്പരകളാണ് കേരളത്തില്‍ നടക്കുന്നത്.

മധുവിന്റെയും സഫീറിന്റെയും കൊലപാതകങ്ങള്‍ അടിയന്തര പ്രമേയമായി ചര്‍ച്ച ചെയ്യാനാവില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപോകുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

Top