ആദ്യ വിവാഹബന്ധം ഒഴിയാതെ വീണ്ടും വിവാഹം; പ്രവര്‍ത്തകനെ പുറത്താക്കി സിപിഎം

കൊല്ലം: തെറ്റ് ചെയ്താല്‍ മുഖം നോക്കാതെ ഉടനടി നടപടി എടുക്കമെന്ന് വീണ്ടും തെളിയിച്ച് ചെമ്പട. ആദ്യ വിവാഹ ബന്ധം നിയമപരമായി ഒഴിയാതെ വീണ്ടും വിവാഹം കഴിച്ച നേതാവിനെതിരെയാണ് സിപിഎമ്മിന്റെ കടുത്ത നടപടി. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ ജില്ലാ പ്രസിഡന്റും പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മുന്‍ അധ്യക്ഷനുമായിരുന്ന സജീഷിനെയാണ് പാര്‍ട്ടി പുറത്താക്കിയത്.

വിവാഹമോചനം നേടാതെ തെറ്റിദ്ധരിപ്പിച്ച് സജീഷ് രണ്ടാമതും വിവാഹം കഴിച്ചുവെന്ന ആദ്യ ഭാര്യയുടെ പരാതിയിലാണ് പാര്‍ട്ടി നടപടി. ആദ്യ ബന്ധം നിയമപരമായി ഒഴിയാതെ കിളിമാനൂര്‍ സ്വദേശിയെയാണ് സജീഷ് രജിസ്റ്റര്‍ വിവാഹം കഴിച്ചത്.

ഇതിനെതിരെ ആദ്യ ഭാര്യ ജില്ല രജിസ്ട്രാര്‍ക്കും സിപിഎം നേതൃത്വത്തിനും പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ചുമതലകളില്‍ നിന്ന് സജീഷിനെ നേരത്തെ തന്നെ മാറ്റി നിര്‍ത്തിയിരുന്നു.

കുടുംബ പ്രശ്‌നങ്ങളുടെ പേരില്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനം സജീഷ് ആറു മാസം മുമ്പാണ് രാജിവച്ചത്. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് നേതൃത്വം മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചതോടെയാണ് സജീഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി മകന്റെ വിവാഹം ആഢംബര പൂര്‍ണമായി നടത്തി എന്നാരോപിച്ച് കഴിഞ്ഞയിടയ്ക്ക് ഒരു പ്രവര്‍ത്തകനേയും പാര്‍ട്ടി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഒരു പുറത്താക്കല്‍ നടപടി.

Top