ഹരിദാസനെ കൊലപ്പെടുത്തിയത് ആറംഗ സംഘമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

കണ്ണൂര്‍: സി പി എം പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയത് ബി ജെ പി മണ്ഡലം പ്രസിഡന്റ് കെ ലിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ആറംഗ സംഘമാണ് കൃത്യം നടത്തിയത്. രണ്ട് പ്രതികള്‍ ഒളിവിലാണ്.

ബി ജെ പി കൊമ്മല്‍ വാര്‍ഡ് കൗണ്‍സിലറാണ് ലിജേഷ്. ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് നേരത്തെ സി പി എം ബി ജെ പി സംഘര്‍ഷം ഉണ്ടായിരുന്നു. സംഘര്‍ഷത്തില്‍ ഹരിദാസന്റെ സഹോദരന് പരിക്കേറ്റിരുന്നു. ഇതിനുപിന്നാലെ പൊലീസ് ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന്റ പ്രതികാരമായാണ് കൊലപാതകം നടത്തിയത്.

ഫെബ്രുവരി ഇരുപത്തിയൊന്നിന് പുലര്‍ച്ചെയോടെയാണ് സിപിഎം പ്രവര്‍ത്തകനായ പുന്നോല്‍ സ്വദേശി ഹരിദാസിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞ് മടങ്ങവെ വീടിനു സമീപത്തു വച്ചായിരുന്നു കൊലപാതകം നടന്നത്. രണ്ട് ബൈക്കുകളിലായാണ് കൊലയാളി സംഘം എത്തിയത്.

Top