കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: രാഷ്ട്രീയ വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

കാസര്‍ഗോഡ് : പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തിന് കാരണം രാഷ്ട്രീയ വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികളെന്നും കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ അറസ്റ്റിലായ മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പീതാംബരനെ ഹാജരാക്കിയത്. കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തിനും ചോദ്യം ചെയ്യലിനുമായി പ്രതിയെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിടുന്നതായി കോടതി ഉത്തരവിട്ടു.

പെരിയ കൊലപാതകം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഓരോ 48 മണിക്കൂറിലും പ്രതിക്ക് വൈദ്യ പരിശോധന ഉറപ്പു വരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Top