റിമാന്‍ഡ് തടവുകാര്‍ക്ക് സ്വന്തം ചെലവില്‍ ഇഷ്ടഭക്ഷണവും ചികിത്സയും നല്‍കാം

കണ്ണൂര്‍: സംസ്ഥാനത്തെ ജയിലുകളിലെ റിമാന്‍ഡ് തടവുകാര്‍ക്ക് സ്വന്തം ചെലവില്‍ ഇഷ്ടഭക്ഷണവും ചികിത്സയും നല്‍കാമെന്ന് ഡോ. അലക്‌സാണ്ടര്‍ ജേക്കബ് കമ്മിഷന്‍.

ഇതുള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ മന്ത്രിസഭയുടെ അംഗീകാരത്തിനായി വൈകാതെ സമര്‍പ്പിക്കും.

ജയിലില്‍ക്കഴിയുന്ന 70 വയസ്സില്‍ കൂടുതലുള്ളവരെ മോചിപ്പിക്കുക, ശിക്ഷാകാലാവധി തീരാന്‍ ആറുമാസത്തില്‍ താഴെമാത്രം അവശേഷിക്കുന്ന രോഗംബാധിച്ച് മരണാസന്നരായ തടവുകാരെ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് പ്രകാരം ജയില്‍മോചിതരാക്കുക, വനിതാ തടവുകാര്‍ക്ക് പെണ്‍മക്കളുടെ പ്രസവകാലത്തും ഭാര്യയുടെ പ്രസവത്തിന് പുരുഷ തടവുകാര്‍ക്കും പരോള്‍ അനുവദിക്കുക തുടങ്ങിയവയും നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.

ഇത് സംബന്ധിച്ച് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. പെട്ടെന്ന് നടപ്പാക്കാവുന്ന നിര്‍ദേശങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മറ്റ് പ്രധാന ശുപാര്‍ശകള്‍

*തടവുകാരെ കോടതിയില്‍ ഹാജരാക്കുന്നതിനുമാത്രമായി 100 പേരടങ്ങുന്ന റിസര്‍വ് ഫോഴ്‌സിനെ ജയില്‍വകുപ്പിനുകീഴില്‍ രൂപവത്കരിക്കുക.

*തലശ്ശേരി സ്‌പെഷല്‍ സബ് ജയില്‍, വടകര സബ് ജയില്‍, തൃശ്ശൂര്‍ വനിതാ ജയില്‍, പൂജപ്പുര വനിതാ ജയില്‍ എന്നിവ കൂടുതല്‍ സൗകര്യത്തോടെ വികസിപ്പിക്കുക.

*ജയിലുകളിലെ അടിസഥാന സൗകര്യം വര്‍ധിപ്പിക്കുക, തടവു മുറിയുടെ തറയിലും ചുമരിലും ടൈല്‍സ് പതിക്കുക, സൗകര്യപ്രദമായ കക്കൂസുകള്‍ നിര്‍മിക്കുക

*ബയോ മെട്രിക് റെക്കോഡിങ് സംവിധാനത്തോടെ ഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തുക

*വിവിധ തൊഴിലുകളില്‍ പ്രാവീണ്യമുള്ള തടവുകാരുടെ സേവനം സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ജോലികള്‍ക്കായി വിനിയോഗിക്കുക.

*സെന്‍ട്രല്‍ ജയിലുകള്‍, തുറന്ന ജയിലുകള്‍ എന്നിവിടങ്ങളില്‍ വ്യവസായ യൂണിറ്റകള്‍, പെട്രോള്‍ പമ്ബുകള്‍ എന്നിവ ആരംഭിക്കുക

*സെന്‍ട്രല്‍ ജയിലുകള്‍ കേന്ദ്രീകരിച്ച് ഷോപ്പിങ് കോപ്ലക്‌സുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ നിര്‍മിച്ച് വാടകയ്ക്ക് കൊടുക്കുക

* ജയിലുകളില്‍ സുരക്ഷാ നടപടികളുടെ ഭാഗമായി ഡോഗ് സ്‌ക്വാഡ് രൂപവത്കരിക്കുക.

* തടവുകാര്‍ക്ക് ക്ഷേമനിധി ബോഡ് രൂപവത്കരിക്കുക.

*ജയിലുകളില്‍ വയോധികരായ തടവുകാര്‍ക്ക് കട്ടില്‍ നല്‍കുക.

*തടവുകാര്‍ക്ക് ബ്രഷ്, പേസ്റ്റ്, സോപ്പ് സൗജന്യമായി നല്‍കുക.

Top