ചാവക്കാട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ റിമാന്‍ഡ് പ്രതികള്‍ രക്ഷപ്പെട്ടു

remand

ചാവക്കാട്: ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ നിന്നും റിമാന്‍ഡ് പ്രതികള്‍ രക്ഷപ്പെട്ടു. മോഷണക്കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളാണ് സ്‌റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടത്. പാലപ്പെട്ടി മാലിക്കുളം ഫര്‍ഷാദ് (20), തൊട്ടാപ്പ് സുനാമി കോളനിയില്‍ കുട്ടിയാലി വീട്ടില്‍ നാഫില്‍ (19), തൊട്ടാപ്പ് പുളിഞ്ചോട് ഷെഹറൂഫ് (19) എന്നിവരാണ് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 11 മണിക്കാണ് സംഭവം

വ്യാഴാഴ്ച എടക്കഴിയൂര്‍ പഞ്ചവടിയില്‍ പോത്തിനെ മോഷ്ടിക്കാനെത്തി പിടിയിലായവരാണിവര്‍. ഇവരില്‍ ഫര്‍ഷാദിനെയും ഷെഹറൂഫിനെയും പാലക്കാട്ടുവെച്ച് പിടിച്ചു. ഫര്‍ഷാദിനെ ബുധനാഴ്ച രാവിലെ പാലക്കാട് മങ്കരയില്‍നിന്ന് വാഹനപരിശോധനയ്ക്കിടെയാണ് പിടികൂടിയത്. ഫര്‍ഷാദിന്റെ കൂടെ ബൈക്കിലുണ്ടായിരുന്ന ഷെഹറൂഫ് ഓടിരക്ഷപ്പെട്ടെങ്കിലും വൈകീട്ട് ഇയാളും വലയിലാവുകയായിരുന്നു. നാഫില്‍ ഇവരില്‍ നിന്നു പിരിഞ്ഞ് കൊച്ചി ഭാഗത്തേക്ക് കടന്നതായാണ് സൂചന.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇവര്‍ മൂന്നുപേരെയും കേസിലെ മറ്റൊരു പ്രതിയായ തൊയക്കാവ് രായംമരക്കാര്‍ വീട്ടില്‍ ജാബിറി(44)നെയും കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. രാത്രി എട്ടിന് വൈദ്യപരിശോധനയ്ക്കായി നാലുപേരെയും ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ജാബിറിന് ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് മൂന്ന് പ്രതികളെ വൈദ്യപരിശോധനയ്ക്കുശേഷം രാത്രി 10.30-ഓടെ സ്റ്റേഷനിലെത്തിച്ചിരുന്നു.

സ്റ്റേഷനിലെത്തി ഭക്ഷണം കഴിക്കാന്‍ പോയ പ്രതികള്‍ ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചു വരാതായപ്പോഴാണ് അന്വേഷണം ആരംഭിച്ചത്.എന്നാല്‍ പ്രതികള്‍ അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു. ചുമരുകള്‍ക്കും ഷീറ്റിനും ഇടയിലുള്ള വിടവിലൂടെയാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. തൃശ്ശൂര്‍ പൂരം ഡ്യൂട്ടി ആയതിനാല്‍ സംഭവസമയത്ത് സ്റ്റേഷനില്‍ മൂന്ന് പോലീസുകാര്‍ മാത്രമേ സ്റ്റേഷനില്‍ ഉണ്ടായിരുന്നുള്ളൂവെന്നും പൊലീസ്‌വ്യക്തമാക്കി.

Top