Religious structures as encroachments is insult to God: Sc

ന്യൂഡല്‍ഹി: അഴുക്കുചാലുകള്‍ക്കും റോഡുകള്‍ക്കും സമീപം അനധികൃതമായി ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നത് ദൈവത്തെ അവഹേളിക്കുന്നതിനു തുല്യമെന്ന് സുപ്രിംകോടതി നിരീക്ഷണം. ഇത്തരം ആരാധനാലയങ്ങളുടെ നിര്‍മാണം നിയന്ത്രിക്കുന്നതിനും പൊളിച്ചുനീക്കാന്‍ നടപടി സ്വീകരിക്കാത്തതിനും കോടതി അധികൃതരെ വിമര്‍ശിക്കുകയും ചെയ്തു. ഇത്തരം ആരാധനാലയങ്ങള്‍ പൊളിച്ച് നീക്കാത്തത് നിയമലംഘനമാണെന്ന് ജസ്റ്റിസുമാരായ വി ഗോപാല ഗൗഡ, അരുണ്‍ മിശ്ര എന്നിവരുടെ ബഞ്ച് നിരീക്ഷിച്ചു.

സഞ്ചാരസ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ജനങ്ങള്‍ക്ക് തടസമായി വഴിയില്‍ ഇത്തരം നിര്‍മാണങ്ങളുണ്ടാകരുത്. എന്തുകൊണ്ട് ഇത്തരം നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കുന്നില്ലെന്നും കോടതി ചോദിച്ചു. ഇത്തരം നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കാന്‍ അധികൃതര്‍ക്ക് അധികാരമില്ലെന്നും ഇത് തടയാന്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. ഇത്തരം അനധികൃത ആരാധനാലയങ്ങളുടെ നിര്‍മാണവും അതിന്റെ എണ്ണവും തുടര്‍ നടപടികളും സംബന്ധിച്ച് വ്യക്തമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന മാര്‍ച്ച് എട്ടിലെ ഉത്തരവ് പാലിക്കാത്ത സംസ്ഥാനങ്ങളേയും കേന്ദ്ര ഭരണപ്രദേശങ്ങളേയും കോടതി വിമര്‍ശിച്ചു.

സുപ്രിംകോടതിയുടെ ഉത്തരവുകള്‍ സംസ്ഥാനങ്ങള്‍ക്ക് ‘കോള്‍ഡ് സ്‌റ്റോറേജില്‍’ വെക്കാനുള്ളതല്ലെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം നല്‍കണമെന്നും സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. നിങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ സുപ്രിംകോടതി ഉത്തരവുകളെ മാനിക്കുന്നില്ലെന്നും ഉത്തരവുകള്‍ അനുസരിക്കാതെ ഇരിക്കുന്നവര്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ശാസനയില്‍ പറയുന്നു.

Top