വീണ്ടും മതം തിരിച്ചുള്ള കണക്കുകള്‍ തേടി ഒ. രാജഗോപാല്‍; മറുപടി നല്‍കാതെ വിദ്യഭ്യാസ മന്ത്രി

o rajagopal

തിരുവനന്തപുരം: മതം തിരിച്ച് എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ചോദ്യം ഉന്നയിച്ച് ഒ. രാജഗോപാല്‍ എംഎല്‍എ. നവംബര്‍ ഏഴിന് നിയമ സഭയിലാണ് അദ്ദേഹം വിദ്യഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനോട് ചോദ്യം ഉന്നയിച്ചത്. എന്നാല്‍ ഇന്നു വരെ അദ്ദേഹം ഈ ചോദ്യത്തിന് ഉത്തരം നല്‍കിയിട്ടില്ല. അതേസമയം ബിപിഎല്‍ ഗുണഭോക്താക്കളുടെ മതം തിരിച്ചുള്ള കണക്ക് ആവശ്യപ്പെട്ടും നേരത്തെ നിയമ സഭയില്‍ അദ്ദേഹം ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

”ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്? സംസ്ഥാനത്ത് ആകെ എത്ര കുടുംബങ്ങള്‍ ബിപിഎല്‍ പട്ടികയിലുണ്ട്? ഇതില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം കുടുംബങ്ങളുടെ എണ്ണമെത്രയെന്നും ഓരോ വിഭാഗവും എത്ര ശതമാനം വീതമുണ്ടെന്നും വ്യക്തമാക്കാമോ?”തുടര്‍ന്ന് സെപ്റ്റംബര്‍ 29 വരെ 39,6071 കുടുംബങ്ങളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മത വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ കണക്ക് ശേഖരിച്ചിട്ടില്ല എന്നും മന്ത്രി പി. തിലോത്തമന്‍ ഒ രാജഗോപാലിന് മറുപടി നല്‍കി.

എന്നാല്‍ വിദ്യാലയത്തിന്റെ കാര്യത്തില്‍ രാജഗോപാലിന് ഉത്തരം കിട്ടിയിട്ടില്ല. സ്വകാര്യ മേഖലയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗങ്ങളില്‍പ്പെട്ട മാനേജ്‌മെന്റുകള്‍ നടത്തുന്നവ എത്ര? ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ? സംസ്ഥാനത്തെ എയ്ഡഡ് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആകെ എണ്ണം എത്രയാണ്? ഇതില്‍ ഹിന്ദു, ക്രിസ്ത്യന്‍,മുസ്ലിം മതവിഭാഗങ്ങള്‍ നടത്തുന്നത് എത്ര ?”, എന്നിങ്ങനെയായിരുന്നു ചോദ്യങ്ങള്‍.

Top