മതസൗഹാര്‍ദ്ദം സൂക്ഷിക്കണം, മറ്റ് സമൂഹങ്ങളെ മുറിവേല്‍പ്പിക്കരുതെന്ന് കര്‍ദ്ദിനാള്‍ മാര്‍ ക്ലിമ്മിസ്

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പരാമര്‍ശം തള്ളി കര്‍ദ്ദിനാള്‍ മാര്‍ ക്ലിമ്മിസ്. മയക്കുമരുന്നിനെ മയക്കുമരുന്ന് എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വിവിധ മതമേലധക്ഷ്യന്മാരെ വിളിച്ചുകൂട്ടി നടത്തിയ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അഭിപ്രായപ്രകടനം.

ദീപികയില്‍ വന്ന ലേഖനങ്ങളെയും അദ്ദേഹം പിന്തുണച്ചില്ല. കത്തോലിക്ക സഭ അങ്ങനെ തീരുമാനമെടുത്തിട്ടില്ലെന്നും സംഘടനകള്‍ നിലപാട് എടുത്തിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. മത സൗഹാര്‍ദം കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് ചേര്‍ന്നത് പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ ആവശ്യമാണ്. മറ്റ് സമൂഹങ്ങള്‍ക്ക് മുറിവേല്‍ക്കാതിരിക്കാന്‍ ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.

പാലാ ബിഷപ്പിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഈ യോഗം ചേര്‍ന്നത്. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് പങ്കെടുക്കുന്നതില്‍ അസൗകര്യം അറിയിച്ചു. എന്താണ് അസൗകര്യം എന്ന് അറിയില്ല. സര്‍ക്കാരിനോട് അറിയിച്ചല്ല യോഗം ചേര്‍ന്നത്. സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണ്. പാണക്കാട് കുടുംബത്തില്‍ നിന്ന് ഇത്ര ദൂരം യാത്ര ചെയ്ത് മുനവറലി എത്തിയെന്ന് പറഞ്ഞ മാര്‍ ക്ലിമ്മിസ് വരാതിരുന്നവരെ കുറിച്ചല്ല, വന്നവരെ പറ്റിയാണ് സംസാരിക്കേണ്ടതെന്നും പറഞ്ഞു.

Top