രാഷ്ട്രീയപ്പാര്‍ട്ടികളുടെ കാര്യത്തില്‍ മത-സാമുദായിക സംഘടനകള്‍ ഇടപെടേണ്ടെന്ന് ആവര്‍ത്തിച്ച് കോടിയേരി

തിരുവനന്തപുരം : രാഷ്ട്രീയം രാഷ്ട്രീയപ്പാര്‍ട്ടികളുടെ കാര്യമാണെന്നും അതില്‍ മത-സാമുദായിക സംഘടനകള്‍ ഇടപെടേണ്ടെന്നും ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഉപതെരഞ്ഞെടുപ്പില്‍ സമുദായ സംഘടനകളുടെ സ്വാധീനം സംബന്ധിച്ച് ഫലം വന്ന ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സമുദായിക സംഘടനകളുടെ സ്വാധീനം നോക്കിയല്ല മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. കേരളത്തില്‍ മുന്‍പും ജാതി-മത സംഘടനകള്‍ രാഷ്ട്രീയത്തില്‍ പരസ്യമായി ഇടപെട്ടിട്ടുണ്ട്. എല്ലാ ജാതി മത സംഘടനകളും ചേര്‍ന്ന് രാഷ്ട്രീയ മുന്നണി രൂപീകരിച്ച് ഇടതുപക്ഷത്തിനെതിരെ മത്സരിച്ചിട്ടുണ്ട്. അവരെ തോല്‍പ്പിച്ച് ഇടതുപക്ഷം കേരളത്തില്‍ അധികാരത്തില്‍ വന്നിട്ടുണ്ട്. ശക്തമായ മതനിരപേക്ഷ അടിത്തറ കേരളത്തിലുണ്ട്. ജനാധിപത്യ സമൂഹത്തിന്റെ ജാഗ്രതയാണ് ഇത് തെളിയിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.

സാമുദായിക സംഘടനാ നേതാക്കളെ സന്ദര്‍ശിക്കുന്നത് ഒരു ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമാണ്. അവരെ തെരഞ്ഞെടുപ്പ് കാലത്തും അല്ലാത്തപ്പോഴും പോയി കാണാറുണ്ട്. അത് പല വിഷയങ്ങളിലുമുള്ള അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനാണ്. അവരുടെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ രാഷ്ട്രീയ നിലപാടില്‍ ഉറച്ച് നിന്ന് തന്നെ നടപ്പിലാക്കാനാണ് ശ്രമിക്കാറുള്ളതാണെന്നും അദ്ദേഹം വിശദീകരിച്ചു.

Top