തീവ്രവാദത്തിനെതിരായ പോരാട്ടം മതങ്ങളും ജനങ്ങളും തമ്മിലാകരുതെന്ന്‌ ജോര്‍ദാന്‍ രാജാവ്

jordan king abdullah ii india

ന്യൂഡല്‍ഹി: മതങ്ങള്‍ ജനങ്ങളില്‍ വിഭാഗീയത സൃഷ്ടിക്കുന്നില്ലെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍. ലോകത്തില്‍ ചില സംഘങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ വാര്‍ത്തകളില്‍ കാണുന്നതും കേള്‍ക്കുന്നതും മതങ്ങള്‍ ജനങ്ങളില്‍ വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന രീതിയിലുള്ള വാര്‍ത്തകളാണ്.

അതേസമയം ഭാവിയില്‍ ലോകത്തില്‍ നന്മയുണ്ടാകുന്നതിനായി മുസ്‌ലിംകളും ഇതര മതക്കാരും അധികാരം ഉപയോഗിക്കണമെന്നും അബ്ദുല്ല രണ്ടാമന്‍ വ്യക്തമാക്കി.

‘അഭിവൃദ്ധിയുളള രാജ്യങ്ങള്‍ കെട്ടിപ്പടുക്കണം, പ്രശ്‌നങ്ങളെ പ്രതിരോധിക്കാനും ലോകത്തിന് സുരക്ഷിതവും സമാധാനപരവുമായ ഭാവി സൃഷ്ടിക്കാനും നമ്മള്‍ പ്രതിജ്ഞ ചെയ്യണം. എന്നാല്‍ മാത്രമെ ലക്ഷ്യങ്ങള്‍ നേടാന്‍ സാധിക്കൂ’ ജോര്‍ദാന്‍ രാജാവ് പറയുന്നു.

മുസ്‌ലിംകള്‍ പൊതു ഭാവിക്കായാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ അനുകമ്പ, കാരുണ്യം, സഹിഷ്ണുത എന്നീ മൂല്യങ്ങള്‍ ലോകത്തിനായി പ്രദാനം ചെയ്യുന്നു. എല്ലാവര്‍ക്കും നല്ല ഭാവി ഉണ്ടാവുക എന്ന നിലപാടിലാണ് ജോര്‍ദാന്‍ ജനങ്ങള്‍ നിലകൊള്ളുന്നതെന്നും വിജ്ഞാന്‍ ഭവനില്‍ നടന്ന പരിപാടിയില്‍ അബ്ദുല്ല രണ്ടാമന്‍ വ്യക്തമാക്കി.

സമാധാനത്തിനുള്ള സംവാദങ്ങളാണ് സാര്‍വദേശീയമായി ജോര്‍ദാന്‍ നടത്തുന്നത്. ലോകം ഒരു കുടുംബമാണ്. വ്യത്യസ്ത രാജ്യങ്ങളും ജനങ്ങളും അവരുടെ ഉത്തരവാദിത്തങ്ങള്‍ ലോകത്തിനായി പങ്കുവെക്കണം. തീവ്രവാദത്തിനെതിരായ പോരാട്ടം മതങ്ങളും ജനങ്ങളും തമ്മിലാകരുതെന്നും ജോര്‍ദാന്‍ രാജാവ് അറിയിച്ചു.

Top