പ്രളയം; വിദേശ യാത്രയിലൂടെ സഹായം ഒന്നും ലഭിച്ചില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രയിലൂടെ സഹായം ഒന്നും ലഭിച്ചില്ലെന്ന് സര്‍ക്കാര്‍.

മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്ക്ക് മൂന്ന് ലക്ഷത്തി എഴുപത്തി രണ്ടായിരം രൂപ ചെലവായെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് നാല് മാസത്തിന് ശേഷമാണ് സര്‍ക്കാര്‍ മറുപടി നല്‍കിയിരിക്കുന്നത്.

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഗള്‍ഫ് മലയാളികളുടെ സഹായം തേടി ഒക്ടോബറിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ അടക്കമുളള രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. ഈ സന്ദര്‍ശനം വഴി നവകേരള നിര്‍മ്മാണത്തിന് എത്ര തുക ലഭിച്ചെന്ന് കഴിഞ്ഞ ജനുവരി 28ന് വിടി ബല്‍റാം എംഎല്‍എ നിയമസഭയില്‍ ചോദിച്ചിരുന്നു. എന്നാല്‍ ഈ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നില്ല. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷകളിലും സര്‍ക്കാര്‍ മൗനം പാലിക്കുകയായിരുന്നു.

നവകേരള നിര്‍മാണത്തിന് മുഖ്യമന്ത്രി യൂറോപ്പ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതോടെ പ്രതിപക്ഷം പ്രശ്‌നം വീണ്ടുമുന്നയിച്ചു. പിന്നാലെയാണ് നിയമസഭാ വെബ്‌സൈറ്റില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയത്.

Top