പാലക്കാട് പാലക്കയത്ത് ആശ്വാസം; മഴ കുറഞ്ഞു, റോഡുകളില്‍ നിന്ന് വെളളം പൂര്‍ണ്ണമായി ഇറങ്ങി

പാലക്കാട്: ഇന്നലെ ശക്തമായ മഴയെതുടര്‍ന്ന് ഉരുള്‍പൊട്ടിയ പാലക്കയത്ത് മഴ കുറഞ്ഞു. റോഡുകളില്‍ നിന്ന് വെളളം പൂര്‍ണ്ണമായി ഇറങ്ങി. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങി. കാഞ്ഞിരപുഴ ഡാമിലെ ജലനിരപ്പ് താഴ്ന്നിട്ടില്ല.

കുണ്ടംപോട്ടി,ഇരുട്ടുക്കുഴി എന്നിവിടങ്ങളിലാണ് ഇന്നലെ ഉരുള്‍പൊട്ടലുണ്ടായത്. വട്ടപ്പാറ,പാണ്ടന്‍മല എന്നിവിടങ്ങളിലും ചെറിയ ഉരുള്‍പൊട്ടലുണ്ടായിരുന്നു. പിന്നാലെ പ്രദേശത്ത് കടകളിലും വീടുകളിലും വെളളം കയറി നാശനഷ്ടങ്ങള്‍ ഉണ്ടായി. മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ ഡാമിന്റെ 3 ഷട്ടറുകളും 20 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു. ഡാമിന്റെ മുകള്‍ ഭാഗമായ പാലക്കയം ടൗണില്‍ കാലങ്ങള്‍ക്ക് ശേഷമാണ് ഇത്രയധികം വെള്ളക്കെട്ട് രൂപപ്പെട്ടത്.

ഇന്നലെ കനത്ത മഴയാണ് ഈ മേഖലയില്‍ പെയ്തത്. പാലക്കയത്ത് ഉരുള്‍പൊട്ടിയതിന് പിന്നാലെ ഡാമിലേക്ക് വെള്ളം കുതിച്ചെത്തുകയായിരുന്നു. സമീപത്തെ കടകളിലും മറ്റും വെള്ളം കയറിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 2 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിരാവിലെ കടകളിലും വീടുകളിലും ശുചീകരണ പ്രവര്‍ത്തനം നടക്കുന്നുണ്ട്.

Top