പിരിച്ചെടുത്ത കോടികള്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയില്ല; കെഎസ്ഇബിയ്‌ക്കെതിരെ ആരോപണം

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ദുരിതത്തിലായവരെ സഹായിക്കാന്‍ പിരിച്ച കോടികള്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയില്ലെന്ന് ആരോപണം.

പ്രളയ പുനര്‍നിര്‍മ്മാണത്തിന് കഴിഞ്ഞവര്‍ഷം കെ.എസ്.ഇ.ബി ജീവനക്കാരില്‍ നിന്ന് പിരിച്ചെടുത്തത് 136 കോടി രൂപയോളമാണ്. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക നല്‍കിയിട്ടില്ലെന്നാണ് ആരോപണം.

പ്രളയബാധിതരെ സഹായിക്കാന്‍ ഏര്‍പ്പെടുത്തിയ സാലറി ചലഞ്ചിന്റെ ഭാഗമായി ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാന്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ഒരു വര്‍ഷം കൊണ്ടാണ് 136 കോടി രൂപ പിടിച്ചത്. എന്നാല്‍, ഇതില്‍ നിന്നും 126 കോടി രുപയോളം ഇതുവരെയും നല്‍കിയിട്ടില്ല. ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം എന്ന രീതിയില്‍ 10 മാസം കൊണ്ടാണ് തുക പിടിച്ചെടുത്തത്. ജീവനക്കാര്‍ തങ്ങളുടെ സ്വന്തം ശമ്പളത്തില്‍ നിന്ന് നല്‍കിയ തുകയുടെ 95 ശതമാനവും ദുരിതാശ്വാസ നിധിയിലേക്ക് എത്തിയിട്ടില്ല.

ഓരോ മാസവും ശമ്പളത്തില്‍ നിന്ന് പിടിച്ചെടുക്കുന്ന തുക അതാത് മാസം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുക എന്നതാണ് സാധാരണയുള്ള രീതി. കഴിഞ്ഞ സപ്റ്റംബര്‍ മാസം മുതലായിരുന്നു സാലറി ചലഞ്ചിലൂടെ ജീവനക്കാര്‍ ഒരു മാസം മൂന്നു ദിവസത്തെ ശമ്പളം വീതം 10 മാസമാസതവണകളായി നല്‍കിയത്.

കെ.എസ്.ഇ.ബി വക 36 കോടിയും ജീവനക്കാര്‍ നല്‍കിയ ഒരു ദിവസത്തെ ശമ്പളവും ഉള്‍പ്പെടെ 49. 5 കോടി രൂപ 2018ല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബോര്‍ഡ് നേരത്തെ കൈമാറിയിരുന്നു. അതിന് പുറമേയാണ് സാലറി ചലഞ്ച് വഴി സമാഹരിച്ച ഇത്രയും വലിയ തുക കൈമാറാതിരുന്നത്.

Top