നെല്‍ കർഷകർക്ക് ആശ്വാസം; നെല്ല് സംഭരണ വില നല്‍കുന്നതിന് 272 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: നെൽ കര്‍ഷകര്‍ക്ക് നെല്ല് സംഭരിച്ച വകയിൽ നൽകാനുള്ള തുകയിൽ 272 കോടി രൂപ അനുവദിച്ചെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനിൽ. കേന്ദ്രസര്‍ക്കാരിൽ നിന്ന് കിട്ടാനുള്ള പണമാണ് കിട്ടിയത്. മുഴുവൻ കര്‍ഷകര്‍ക്കും പണം നൽകും. തിങ്കളാഴ്ച മുതൽ തുക വിതരണം ചെയ്ത് തുടങ്ങുമെന്നും വായ്പയെടുത്തും പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ആകെ 484 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. ഇതിൽ 178.75 കോടി രൂപ സർക്കാർ നേരത്തെ അനുവദിച്ചിരുന്നു. ബാക്കിയുള്ള തുക കൈമാറുന്നത് സംബന്ധിച്ചാണ് ഇപ്പോള്‍ ധാരണയായിത്. ഒന്നാം വിള സംഭരിച്ച വകയിൽ 200 കോടിയിലധികം രൂപ പാലക്കാട് ജില്ലയിൽ മാത്രം നൽകാനുണ്ട്. ആദ്യം സംഭരണത്തിലെ താമസം, തുടർ പ്രതിഷേധങ്ങൾ, ഒടുവിൽ നെല്ലെടുക്കൽ, സംഭരണം പൂർത്തിയാക്കിയാപ്പോള്‍ വില വിതരണം വൈകി.

കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ഉള്‍പ്പെടെ ആലപ്പുഴ ജില്ലയില്‍ നെല്ല് സംഭരിച്ച വകയില്‍ ഏകദേശം 50 കോടി രൂപയാണ് സപ്ലൈകോ നല്‍കാനുളളത്. വട്ടിപ്പലിശക്ക് വരെ വായ്പയെടുത്ത് ഒന്നാം കൃഷിയിറക്കിയ കര്‍ഷകര്‍ പുഞ്ചക്കൃഷിക്കും വായ്പയെടുത്ത് കടക്കെണിയുടെ നടുവിലാണ്. പന്ത്രണ്ടായിരം വരുന്ന കര്‍ഷകര്‍ക്കായി നല്‍കേണ്ടിയിരുന്നത് 66 കോടി രൂപ. മുമ്പ് നെല്ല് സംഭരിച്ചതിന്‍റെ രേഖയായ പി ആര‍്‍ എസ് നല്‍കിയാല്‍ ഒരാഴ്ചക്കുള്ളില്‍ ബാങ്ക് അക്കൗണ്ടില്‍ പണം എത്തുമായിരുന്നു. ഇത്തവണ അത് സപ്ലൈകോ വഴി നേരിട്ടാക്കി. പക്ഷെ പണം മാത്രമില്ല. നിലവില്‍ 5757 കര്‍ഷര്‍ക്കായി 50 കോടി രൂപ കൂടി നല്‍കാനുണ്ട്.

Top