നുപൂർ ശർമയ്ക്ക് ആശ്വാസം; കേസുകൾ ദില്ലിയിലേക്ക് മാറ്റി

ദില്ലി: പ്രവാചക നിന്ദാ പരാമർശത്തിൽ ബിജെപി മുൻ വക്താവ് നുപുർ ശർമക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ എടുത്ത കേസുകളെല്ലാം ദില്ലി പൊലീസിന് കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ടു. എല്ലാ എഫ്ഐആറുകളും ദില്ലി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമായ ഇന്റലിജൻസ് ഫ്യൂഷൻ ആന്റ് സ്ര്ടാറ്റജിക് ഓപ്പറേഷൻസിനാണ് കൈമാറേണ്ടത്. നുപൂറിനെതിരെ വധഭീഷണി ഉണ്ടെന്ന വാദവും ഹജരാക്കിയ രേഖകളും കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി.പാർഡിവാല എന്നിവർ അടങ്ങിയ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിച്ചത്.

വിഷയവുമായി ബന്ധപ്പെട്ട് ഭാവിയിൽ എടുക്കുന്ന കേസുകൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ദില്ലി പൊലീസിന് ആവശ്യമെങ്കിൽ മറ്റ് സംസ്ഥാന പൊലീസിന്റെ സഹായം തേടാമെന്നും ജസ്റ്റിസുമാരായ സൂര്യകാന്തും ജെ.ബി.പാർഡിവാലയും വിധിന്യായത്തിൽ വ്യക്തമാക്കി.

കേസിലെ എഫ്ഐആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയെ സമീപിക്കാൻ അനുവാദം വേണമെന്ന നുപുറിന്റെ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചു. ദില്ലിക്ക് പുറമേ, മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാൾ, കർണാടക, ഉത്തർപ്രദേശ്, അസം, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നൂപുറിനെതിരെ പരാതികൾ നൽകിയിരുന്നു. കേസുകളിൽ നുപുറിനെ അറസ്റ്റ് ചെയ്യുന്നത് കോടതി നേരത്തെ തടഞ്ഞിരുന്നു. അറസ്റ്റിൽ നിന്നുള്ള സംരക്ഷണം നീട്ടിയിട്ടുണ്ട്.

Top