മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആശ്വാസം;ക്വാര്‍ട്ടര്‍ ഫൈനലിന് മുന്നോടിയായി മൂന്ന് താരങ്ങള്‍ തിരിച്ചെത്തി

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. എഫ്എ കപ്പില്‍ ലിവര്‍പൂളിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിന് മുന്നോടിയായി മൂന്ന് താരങ്ങള്‍ പരിക്ക് മാറി തിരിച്ചെത്തി. റാസ്മസ് ഹോയ്ലുണ്ട്, ഹാരി മഗ്വയര്‍, അരോണ്‍ വാന്‍- ബിസാക്ക എന്നിവരാണ് തിരിച്ചെത്തിയത്. ലിവര്‍പൂളിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൂന്ന് താരങ്ങളും കളിക്കാനിറങ്ങുമെന്ന് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് മാധ്യമങ്ങളോട് അറിയിച്ചു.

മികച്ച ഫോമിലുള്ള റാസ്മസ് ഹോയ്ലുണ്ട് പരിക്കേറ്റ് പുറത്തായത് യുണൈറ്റഡിന് വളരെ വലിയ തിരിച്ചടിയായിരുന്നു. പരിക്കേല്‍ക്കുന്നതിന് മുന്‍പ് തുടര്‍ച്ചയായ ആറ് മത്സരങ്ങളില്‍ സ്‌കോര്‍ ചെയ്യാന്‍ ഹോയ്ലുണ്ടിന് സാധിച്ചിരുന്നു. താരത്തിന്റെ തിരിച്ചുവരവ് ആക്രമണത്തിലും മുന്നേറ്റങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ യുണൈറ്റഡിനെ സഹായിക്കും. മഗ്വയര്‍ തിരിച്ചെത്തുന്നതോടെ ഡിഫന്‍സും ശക്തമാവും.

‘റാസ്മസ് ഹോയ്ലുണ്ട്, ഹാരി മഗ്വയര്‍, അരോണ്‍ വാന്‍ ബിസാക്ക എന്നീ താരങ്ങള്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തി. മൂവരും ഈ ആഴ്ച പരിശീലനം നടത്തിയിട്ടുണ്ട്. ലിവര്‍പൂളിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങാന്‍ ഇവര്‍ യോഗ്യരായിരിക്കുമെന്ന് ഞാന്‍ കരുതുന്നു’, ടെന്‍ ഹാഗ് വ്യക്തമാക്കി.

Top