ഉദ്ധവിന് ആശ്വാസം; മഹാരാഷ്ട്രയില്‍ നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് മെയ് 27 ന് മുമ്പ്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഒഴിവുള്ള 9 നിയമസഭാ കൗണ്‍സില്‍ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മെയ് 27 ന് മുമ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതായി വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഈ മാസം 27നകം സഭയില്‍ അംഗമായില്ലെങ്കില്‍ മുഖ്യന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ട സാഹചര്യം മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തി നില്‍ക്കവെയാണ് കമ്മീഷന്റെ ഈ തീരുമാനം.

നേരത്തെ സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കുന്നതിനായി നിയമസഭാ കൗണ്‍സിലിലേക്കുള്ള ഒമ്പത് ഒഴിവുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിരുന്നു.ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുകൂല തീരുമാനമെടുത്തത്.

ഏപ്രില്‍ 24 ന് ഒമ്പത് അംഗങ്ങള്‍ വിരമിക്കുന്നതിനാല്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ധവ് താക്കറെ തീരുമാനിച്ചിരുന്നു.എന്നാല്‍ ലോക്ഡൗണിനെത്തുടര്‍ന്ന് എല്ലാ തിരഞ്ഞെടുപ്പുകളും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ മാറ്റിയിരുന്നു.

നവംബര്‍ 28ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉദ്ധവ് താക്കറെ സംസ്ഥാന നിയമസഭയില്‍ അംഗമായിരുന്നില്ല. ഭരണഘടന പ്രകാരമുള്ള വ്യവസ്ഥകള്‍ അനുസരിച്ച് ആറുമാസത്തിനുള്ളില്‍ സംസ്ഥാന നിയമസഭയിലേക്കോ കൗണ്‍സിലിലേക്കോ തിരഞ്ഞെടുക്കപ്പെടേണ്ടതായിരുന്നു. ആ കാലവധി മെയ് 27ന് അവസാനിക്കും.

Top