ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ പൊളിക്കരുത്’; ജഹാംഗിര്‍പുരിയില്‍ സ്റ്റേ തുടരുമെന്ന് സുപ്രീം കോടതി

ഡൽഹി:ഡൽഹി ജഹാം​ഗീർപുരിയിൽ തൽസ്ഥിതി തുടരാൻ സുപ്രീംകോടതിയുടെ ഉത്തരവ്. കേസ് രണ്ടാഴ്ച്ചയ്ക്ക് ശേഷം വീണ്ടും പരി​ഗണിക്കും. സുപ്രീംകോടതി ഉത്തരവിനു ശേഷവും പൊളിക്കൽ നടപടികൾ തുടർന്നത് ​ഗൗരവമായി കാണുന്നുവെന്ന് കോടതി പറഞ്ഞു.

നോട്ടീസ് നൽകിയാണ് പൊളിക്കൽ നടപടികൾ ഉണ്ടായതെന്നാണ് സോളിസിറ്റർ ജനറൽ ഉൾപ്പടെയുള്ളവർ കോടതിയിൽ പറഞ്ഞത്. ​ഇങ്ങനെ നോട്ടീസ് ലഭിച്ചിട്ടുണ്ടോ എന്ന കാര്യം ചൂണ്ടിക്കാട്ടി ജഹാം​ഗിൽപുരിയിൽ ഉള്ളവരും ഹർജിക്കാരും സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. നോർത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ ഇതു സംബന്ധിച്ച് എതിർവാങ്മൂലം നൽകണമെന്നും കോടതി വ്യക്തമാക്കി. വലിയ രീതിയിലുള്ള വാ​ദപ്രതിവാദങ്ങൾക്കാണ് ഇന്ന് കോടതി സാക്ഷ്യം വഹിച്ചത്.

പൊളിക്കൽ നിർത്തിവെക്കണമെന്ന കോടതിയുടെ ഉത്തരവ് വന്നശേഷവും പൊളിക്കൽ നടപടികൾ ഒരു മണിക്കൂറോളം തുടർന്നു. നോർത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ മേയറടക്കം നടത്തിയ പ്രതികരണങ്ങളും കോടതിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വളരെ ​ഗൗരവത്തോടെ ഈ കാര്യം കാണുന്നുവെന്ന് കോടതി വ്യക്തമാക്കി. ഇത് പിന്നീട് പ്രത്യേകം പരി​ഗണിക്കുമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എൽ നാഗേശ്വർ റാവു, ബി ആർ ഗവായ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്.

ഒരു മതവിഭാ​ഗത്തെ മാത്രം ലക്ഷ്യംവച്ചാണ് ഈ പൊളിക്കൽ നടപടികൾ എന്നതടക്കമുള്ള വാദങ്ങളാണ് ദുഷ്യന്ത് ദവേ നിരത്തിയത്. ബി ജെ പി നേതാവിൻ്റെ കത്തിന് പിന്നാലെയാണ് പൊളിക്കൽ നടപടികൾ തുടങ്ങിയത്. സർക്കാർ നയത്തിന്റെ ഉപകരണമാണോ ബുൾഡോസർ. കാടിൻ്റെ നീതിയാണ് നടപ്പാക്കുന്നത്. നോട്ടീസിനും അപ്പീലിനും വ്യവസ്ഥയുണ്ട് ,ഇത് പാലിച്ചിട്ടില്ല എന്നും ദുഷ്യന്ത് ദവേ അഭിപ്രായപ്പെട്ടു.

സമാനമായ വാദമാണ് കപിൽ സിബലും ഉന്നയിച്ചത്. മതപരമായ യാത്രകൾ നടന്നതിന് പിന്നാലെ സംഘർഷമുണ്ടായാൽ ഒരു വിഭാഗത്തിൻ്റെ വീടുകൾ പൊളിക്കുന്ന രീതി തുടരുന്നുന്നെന്ന് കപിൽ സിബൽ പറഞ്ഞു. ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെക്കുന്നു. പൊളിക്കലിൽ സ്റ്റേ വേണമെന്നും കപിൽ സിബിൽ പറഞ്ഞു.

ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് നടന്ന ശോഭ യാത്രക്കിടെ ജഹാംഗീര്‍പുരിയില്‍ രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്തെ അനധികൃത കെട്ടിടങ്ങള്‍ ബിജെപി ഭരിക്കുന്ന വടക്കന്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പൊളിക്കാന്‍ ആരംഭിച്ചത്.

 

Top