ബിനീഷ് കോടിയേരിക്ക് ആശ്വാസം; വിചാരണക്കോടതിയുടെ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി

ബംഗ്ലൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ആശ്വാസം. വിചാരണക്കോടതിയുടെ നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ബിനീഷിനെതിരായ ഇഡിയുടെ കേസ് നിലനില്‍ക്കില്ലെന്നാണ് കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണം.

ലഹരിക്കടത്ത് കേസില്‍ പ്രതിയല്ലാത്തതിനാല്‍ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ബിനീഷിനെതിരെ നിലനില്‍ക്കില്ലെന്ന് കര്‍ണാടക ഹൈക്കോടതി നിരീക്ഷിച്ചു. ബിനീഷിനെതിരായ കേസ് സ്റ്റേ ചെയ്തതോടെ ഹൈക്കോടതി വാദം അവസാനിക്കുന്നത് വരെ ബിനീഷിന് വിചാരണക്കോടതിയില്‍ ഹാജരാകേണ്ടതില്ല. നേരത്തേ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് നല്‍കിയ വിടുതല്‍ ഹര്‍ജി വിചാരണക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ബിനീഷ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് ഹേമന്തിന്റേതാണ് ഇടക്കാല ഉത്തരവ്.

കേസില്‍ 2020 ഒക്ടോബര്‍ 29നാണ് ബിനീഷ് കോടിയേരി അറസ്റ്റിലായത്. ഒരു വര്‍ഷത്തിന് ശേഷമാണ് കര്‍ശന ഉപാധികളോടെ ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അഞ്ച് മാസത്തിന് ശേഷമാണ് ഇ ഡി സുപ്രീംകോടതിയെ സമീപിച്ചത്. അഭിഭാഷകന്‍ മുകേഷ് കുമാര്‍ മാറോറിയാണ് ഇഡിക്ക് വേണ്ടി അപ്പീല്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

Top