അര്‍ജന്‍റീനക്ക് ആശ്വാസം; പരിക്കുമാറി സൂപ്പര്‍ താരം ഡി മരിയ തിരിച്ചെത്തി

റോം: ലോകകപ്പിനൊരുങ്ങുന്ന അർജന്റീനയ്ക്ക് ആശ്വാസ വാർത്ത. സൂപർ താരം ഏഞ്ചൽ ഡി മരിയ ഫിറ്റ്നസ് പൂർണമായി വീണ്ടെടുത്തു. യുവന്‍റസ് താരമായ ഡിമരിയ കഴിഞ്ഞ ദിവസം ഇന്‍റർമിലാനെതിരായ മത്സരത്തിൽ അവസാന മിനുറ്റുകളിൽ കളിച്ചിരുന്നു. ഒക്ടോബര്‍ ആദ്യവാരം നടന്ന മക്കാബിക്കെതിരായ യുവന്‍റസിന്‍റെ മത്സരത്തിനിടെയാണ് ഡി മരിയക്ക് തുടയില്‍ പരിക്കേറ്റത്. തുടര്‍ന്ന് സീരി എയില്‍ യുവന്‍റസിന്‍റെ അഞ്ച് മത്സരങ്ങള്‍ ഡി മരിയക്ക് നഷ്ടമായിരുന്നു.

ഈ സീസണിലാണ് ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയില്‍ ഡിമരിയ യുവന്‍റസിലെത്തിയത്. പിഎസ്ജിയ്ക്കൊപ്പം ഏഴ് സീസണുകളില്‍ കളിച്ച ശേഷമാണ് ഡി മരിയ ക്ലബ്ബ് വിട്ടത്. ടീമിനായി 295 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം 92 ഗോളുകളും സ്വന്തമാക്കി. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മഡ്രിഡ് തുടങ്ങിയ വമ്പന്‍ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് 34കാരനായ ഡി മരിയ. കഴിഞ്ഞ വർഷം അർജന്‍റീന കോപ്പ അമേരിക്ക നേടുമ്പോൾ ഫൈനലിൽ വിജയഗോൾ നേടിയത് ഡിമരിയയായിരുന്നു. അടുത്തയാഴ്ച ലോകകപ്പിനുള്ള അർജന്‍റീന ടീമിനെ പ്രഖ്യാപിക്കും. 14നാണ് ലോകകപ്പ് ടീമുകളെ പ്രഖ്യാപിക്കാനുള്ള അവസാന തിയതിയായി ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകകപ്പില്‍ മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ എന്നിവരടങ്ങുന്ന സി ഗ്രൂപ്പിലാണ് അര്‍ജന്‍റീന. 22ന് സൗദി അറേബ്യക്കെതിരെ ആണ് അര്‍ജന്‍റീനയുടെ ആദ്യ മത്സരം. കഴിഞ്ഞ ദിവസം പി എസ് ജിയിൽ പരിശീലനത്തിനിടെ പരിക്കേറ്റ നായകന്‍ ലിയോണല്‍ മെസിയുടെ പരിക്കും ഗുരുതരമല്ലെന്ന റിപ്പോര്‍ട്ടുകള്‍ അര്‍ജന്‍റീനക്ക് ആശ്വാസം നല്‍കുന്നതാണ്. മെസി വരും ദിവസങ്ങളിൽ പരിശീലനം പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കാൽക്കുഴയ്ക്ക് പരിക്കേറ്റ മെസിയെ മുൻകരുതൽ എന്ന നിലയിലാണ് ലോറിയന്‍റിനെതിരെ കളിപ്പിച്ചിരുന്നില്ല.തകർപ്പൻ ഫോമിൽ കളിക്കുന്ന മെസി സീസണിൽ പി എസ് ജിക്കായി സീസണില്‍ 12 ഗോളും 14 അസിസ്റ്റും നേടിയിട്ടുണ്ട്. 1986ന് ശേഷം ആദ്യ ലോക കിരീടം ലക്ഷ്യമിടുന്ന അർജന്‍റീനയുടെ പ്രതീക്ഷയത്രയും മെസിയുടെ കാലുകളിലാണ്. ലോകകപ്പിന് ഒരുങ്ങുന്നതിനായി പിഎസ്‌ജിയുടെ അവസാന മത്സരത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് മെസി പി എസ് ജി പരിശീലകനോട് ആവശ്യപ്പെട്ടിരുന്നു. അവസാന 35 കളിയിൽ തോൽവി അറിയാതെയാണ് അർ‍ജന്‍റീന ലോകകപ്പിന് എത്തുന്നത്.

Top