ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണം എത്തിക്കുന്നവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക. . .

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

ക്യാമ്പുകളില്‍ ആഹാരം പാകം ചെയ്യാന്‍ പ്രതിസന്ധികള്‍ നേരിടുന്നതിനാല്‍ പെട്ടന്ന് തന്നെ കേടാവാത്തതും പാകം ചെയ്യേണ്ടത്തതുമായ ഭക്ഷ്യവസ്തുകള്‍ എത്തിക്കാന്‍ കഴിവതും ശ്രമിക്കേണ്ടതാണ്. അവല്‍, ശര്‍ക്കര, ബിസ്‌ക്കറ്റ്, പഴം, ബ്രഡ്, ജാം, കുടിവെള്ളം തുടങ്ങിയ വസ്തുക്കളും തീപ്പട്ടി, മെഴുകുതിരി, പുതപ്പ്, പായ, ബെഡ്ഷീറ്റ്, തോര്‍ത്ത് തുടങ്ങിയ സാധനങ്ങളും എത്തിക്കാന്‍ ശ്രമിക്കുക.

കാലവര്‍ഷം ദുരിതം വിതയ്ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തിര യോഗം വിളിച്ചിരുന്നു. കേരളത്തിന്റെ സ്ഥിതി വഷളായ സാഹചര്യത്തില്‍ കൂടുതല്‍ കേന്ദ്രസഹായം തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം വൈകിയെന്ന പേരില്‍ മുഖ്യമന്ത്രി റവന്യൂ അഡീഷണല്‍ സെക്രട്ടറിയെ ശാസിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മഴ മാറി നില്‍ക്കുന്നുണ്ടെങ്കിലും മണിക്കൂറില്‍ 60 കിലോ മീറ്റര്‍ വേഗതയിലുള്ള കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. അതേസമയം, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്ക് മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.

പതിമൂന്നു ജില്ലകളില്‍ അതീവജാഗ്രത നിര്‍ദേശം (റെഡ് അലര്‍ട്ട്) തുടരും. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍ഗോട് അതിജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) ആണുള്ളത്.

Top