ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെ നിര്‍ബന്ധപൂര്‍വ്വം പറഞ്ഞയക്കില്ല: വി.എസ്. സുനില്‍ കുമാര്‍

കൊച്ചി: സ്‌കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവരെ നിര്‍ബന്ധപൂര്‍വ്വം പറഞ്ഞയക്കില്ലെന്ന് കൃഷി മന്ത്രി വി. എസ്. സുനില്‍ കുമാര്‍.

ക്യാമ്പില്‍ കഴിയുന്നവരുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും ധനസഹായം സംബന്ധിച്ച ആശങ്ക വേണ്ടെന്നും നടപടിക്രമങ്ങളിലുണ്ടാകുന്ന കാലതാമസമാണ് പ്രളയബാധിതര്‍ക്ക് പണം നല്‍കുന്നത് വൈകാന്‍ കാരണമെന്നും സ്‌കൂള്‍ തുറക്കേണ്ടി വന്നാല്‍ ക്യാമ്പിലുള്ളവര്‍ക്ക് മറ്റ് താമസ സ്ഥലങ്ങള്‍ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഓണാവധി കഴിഞ്ഞ് ഉടന്‍ തുറക്കരുതെന്ന് വി.ഡി സതീശന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ക്യാമ്പുകളിലുള്ളവര്‍ക്ക് ഭക്ഷണക്കിറ്റും ധനസഹായവും ഉടന്‍ എത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പ്രളയത്തില്‍ മുങ്ങിപ്പോയ കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്ത് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പരിസ്ഥിതിയ്ക്ക് പ്രധാന്യം നല്‍കുന്ന നയങ്ങളായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്നാണ് അദ്ദേഹം അറിയിച്ചത്.

നമ്മുടെ കരുത്ത് നമ്മള്‍ തിരിച്ചറിയേണ്ട സമയമാണിതെന്നും ലോകമെങ്ങുമുള്ള മലയാളികളാണ് കേരളത്തിന്റെ കരുത്തെന്നും മലയാളികള്‍ ഒരുമാസത്തെ ശമ്പളം നല്‍കിയാല്‍ കേരളം കരകയറുമെന്നും തുക പലഗഡുക്കളായി നല്‍കിയാല്‍ മതിയെന്നും പ്രവാസി മലയാളികള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണ്ണായക പങ്കുണ്ടാകുമെന്നും എല്ലാവരുടെയും സഹായം തേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

നിലവിലെ ആരോപണങ്ങള്‍ കാര്യമാക്കുന്നില്ലെന്നും ദുരിതബാധിതരെ സഹായിക്കേണ്ട എല്ലാ നടപടികളും സഹായങ്ങളും സ്വീകരിക്കുമെന്നും നിലവിലെ ആശയക്കുഴപ്പങ്ങള്‍ മാറുന്നതിനുള്ള എല്ലാ കാര്യങ്ങളും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top