ക്യാമ്പില്‍ പണം പിരിച്ച സംഭവം; ഓമനക്കുട്ടന്റെ സസ്‌പെന്‍ഷന്‍ പാര്‍ട്ടി പിന്‍വലിച്ചു

ആലപ്പുഴ: ആലപ്പുഴയിലെ ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ സിപിഎം പ്രാദേശിക നേതാവ് ഓമനക്കുട്ടന്റെ സസ്‌പെന്‍ഷന്‍ പാര്‍ട്ടി പിന്‍വലിച്ചു.

ക്യാമ്പിലെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഓമനക്കുട്ടന്‍ പിരിവ് നടത്തിയതെന്നും സംഭവത്തില്‍ ഓമനക്കുട്ടന്‍ ഖേദം പ്രകടിപ്പിച്ചെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. സിപിഎം ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗമാണ് ഓമനക്കുട്ടന്‍.

ഓമനക്കുട്ടനെതിരെ പരാതിയില്ലെന്ന് ക്യാമ്പ് അംഗങ്ങളും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. സിവില്‍ സപ്ലൈസ് ഡിപ്പോയില്‍ നിന്ന് ക്യാമ്പിലേക്ക് ഭക്ഷ്യസാധനങ്ങള്‍ കൊണ്ടു വരാനുള്ള വണ്ടിക്ക് വാടക നല്‍കുവാന്‍ പിരിവ് നടത്തിയെന്നായിരുന്നു ഓമനക്കുട്ടനെതിരെയുണ്ടായ ആരോപണം.

Top