ജിയോ പ്ലാറ്റ്‌ഫോംസില്‍ വീണ്ടും വിദേശ നിക്ഷേപം എത്തുന്നു

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജിയോ പ്ലാറ്റ്‌ഫോംസില്‍ വീണ്ടും വിദേശ നിക്ഷേപം എത്തുന്നു. അബുദാബി ആസ്ഥാനമായുള്ള സോവറിന്‍ നിക്ഷേപകനായ മുബദാല ഇന്‍വെസ്റ്റ്മെന്റ് കമ്പനിയാണ് 9093.60 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുന്നത്.

ഇതോടെ ജിയോ പ്ലാറ്റ്ഫോമിലെത്തിയ മൊത്തം നിക്ഷേപം 87,655.35 കോടി രൂപയായി. ഏഴ് ആഴ്ചയ്ക്കുള്ളില്‍ ജിയോ പ്രഖ്യാപിച്ച ആറാമത്തെ ഓഹരി വില്‍പ്പനയാണ് മുബദാല ഇടപാട്.

ഫെയ്സ്ബുക്ക്, സില്‍വര്‍ ലേക്ക്, വിസ്റ്റ ഇക്വിറ്റി പാര്‍ട്‌ണേഴ്‌സ്, ജനറല്‍ അറ്റ്‌ലാന്റിക് എന്നിവ ഉള്‍പ്പെടുന്ന ആറ് നിക്ഷേപകര്‍ക്ക് 18.97 ശതമാനം ഓഹരികള്‍ വിറ്റുകൊണ്ട് ജിയോ 87,655.35 കോടി രൂപയാണ് സമാഹരിച്ചത്.

ഫേസ്ബുക്ക് 43,573.62 കോടിയും സില്‍വല്‍ ലേയ്ക്ക് 5,655.75 കോടിയും വിസ്റ്റ ഇക്വിറ്റീസ് 11,367 കോടി രൂപയും ജനറല്‍ അറ്റ്ലാന്റിക് 6,598.38 കോടിയും കെകെആര്‍ 11,367 കോടിരൂപയും മുബാദല 9,093.60കോടി രൂപയുമാണ് നിക്ഷേപം നടത്തിയത്.

മുബാദലകൂടി നിക്ഷേപം നടത്തിയതോടെ ജിയോ പ്ലാറ്റ്‌ഫോമിന് ഇക്വിറ്റി മൂല്യനിര്‍ണ്ണയം 4.91 ട്രില്യണ്‍ രൂപയും എന്റര്‍പ്രൈസ് മൂല്യം 5.16 ട്രില്യണ്‍ രൂപയുമാണ് നല്‍കുന്നത്.

Top