റിലയന്‍സിനെതിരായ ആരോപണങ്ങള്‍ സുപ്രീംകോടതി വിധിയോടെ തെറ്റാണെന്ന് തെളിഞ്ഞു:അനില്‍ അംബാനി

ന്യൂഡല്‍ഹി: റഫാലുമായി ബന്ധപ്പെട്ട് റിലയന്‍സിനെതിരായ ആരോപണങ്ങള്‍ സുപ്രീംകോടതി വിധിയോടെ തെറ്റാണെന്ന് തെളിഞ്ഞുവെന്ന് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി. റിലയന്‍സിനെതിരെ ഉയര്‍ന്നത് വ്യാജ ആരോപണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ദസോയുമായുള്ള കരാര്‍ തുടരുമെന്നും അംബാനി കൂട്ടിച്ചേര്‍ത്തു.

റഫാല്‍ യുദ്ധ വിമാന കരാറിനെ സംബന്ധിച്ച കോണ്‍ഗ്രസിന്റെ നുണ പ്രചാരണങ്ങള്‍ പൊളിഞ്ഞെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പറഞ്ഞു. റഫാലില്‍ അഴിമതി നടന്നിട്ടില്ല. ബാലിശമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെതിരെ ഉന്നയിച്ചതെന്നും സുപ്രീംകോടതി വിധിയോടെ ഇവയെല്ലാം പൊളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ ഉറവിടം വെളിപ്പെടുത്തണമെന്നും കോണ്‍ഗ്രസ് തെറ്റായ വിവരങ്ങള്‍ നല്‍കി രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നും സത്യം എന്നും വിജയിക്കുമെന്നും അമിതാ ഷാ വ്യക്തമാക്കി.

ആര്‍ക്കു വേണ്ടിയാണ് റഫാല്‍ കരാറിനെ മോശമാക്കാന്‍ ശ്രമിച്ചതെന്ന് ചോദ്യം തെളിഞ്ഞുവരികയാണ്. ഇക്കാര്യം അറിയേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

അതേസമയം റഫാല്‍ ഇടപാടില്‍ കോടതിവിധി ദൗര്‍ഭാഗ്യകരമെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജി നല്‍കുന്നകാര്യമടക്കം പരിഗണിക്കുമെന്നും രാജ്യതാല്‍പര്യത്തിനെതിരായ റഫാല്‍ കരാറിനെതിരെ പോരാട്ടം തുടരുമെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

റഫാല്‍ വിഷയത്തില്‍ കോണ്‍ഗ്രസും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. രാഷ്ട്രീയ ലാഭത്തിനു വേണ്ടി രാഹുല്‍ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ ആരോപിച്ചു. രാഹുല്‍ രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായക്കു മങ്ങലേല്‍പ്പിക്കുകയും ചെയ്തു. രാഹുല്‍ സഭയോടും രാജ്യത്തെ ജനങ്ങളോടും മാപ്പ് പറയണമെന്ന് രാജ്‌നാഥ് ആവശ്യപ്പെട്ടു. രാഷ്ട്രീയ വിവാദങ്ങളില്‍ തന്നെ കുടുക്കാന്‍ ശ്രമമെന്ന് അനില്‍ അംബാനിയും പ്രതികരിച്ചു.

Top