പെട്രോള്‍ പമ്പുകള്‍ വളഞ്ഞ് കര്‍ഷക പ്രതിഷേധം; പെട്രോള്‍ വില്പന കുറഞ്ഞതായി റിലയന്‍സ്

ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ റിലയന്‍സിന്റെ പെട്രോള്‍ പമ്പ് വളഞ്ഞ് കര്‍ഷകരുടെ പ്രതിഷേധം. അദാനി, അംബാനി കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കാനുള്ള പ്രചാരണം ശക്തമാക്കാനും കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ 27 വരെ ഹരിയാനയിലെ ടോള്‍ പ്ലാസകളില്‍ പിരിവ് അനുവദിക്കില്ലെന്നും കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. സമരം കോര്‍പ്പറേറ്റ് വിരുദ്ധ നീക്കമായി മാറ്റുന്നതിനുള്ള പ്രചാരണം ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം.

കോര്‍പറേറ്റ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന കര്‍ഷകരുടെ ആഹ്വാനം രാജ്യവ്യാപകമായി സ്വീകരിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പഞ്ചാബിലെ വിവിധ റിലയന്‍ പമ്പുകള്‍ക്ക് മുന്നില്‍ കര്‍ഷകര്‍ സമരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കര്‍ഷക സമരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ റിലയന്‍സ് പമ്പുകളിലെ വില്‍പ്പന പകുതിയായി കുറഞ്ഞതായാണ് റിലയന്‍സ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും പഞ്ചാബിലെ സമരക്കാര്‍ പറഞ്ഞു. ഈ പ്രശ്‌നത്തിന് കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം പരിഹാരം കാണണമെന്നും കാര്‍ഷിക നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം വാജ്‌പേയിയുടെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി ആറ് സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി സംവദിക്കുന്നുണ്ട്. രാജ്യത്തെ ഒമ്പത് കോടി കര്‍ഷകരെയാണ് മോദി ഇന്ന് അഭിസംബോധന ചെയ്യുന്നത്. ഒമ്പത് കോടി കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ കീഴില്‍ 18,000 കോടി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും പുതിയ കാര്‍ഷിക നിയമത്തില്‍ കര്‍ഷകര്‍ മോദിക്ക് നന്ദിപറയുമെന്നുമാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞിരുന്നു.

Top