ഗൂഗിളുമായി കൈകോര്‍ത്ത് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തേക്ക് റിലയന്‍സ്; ചൈനീസ് കമ്പനികള്‍ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: രാജ്യത്ത് റിലയന്‍സ് ഇന്റസ്ട്രീസിന്റെ ജിയോ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വന്‍ നീക്കം നടത്താന്‍ പദ്ധതി. റിലയന്‍സിന്റെ ഈ നീക്കം സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് സ്വാധീനമുള്ള ചൈനീസ് കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാകുമെന്നാണ് സൂചന. ഗൂഗിള്‍ കൂടി ജിയോയ്ക്ക് ഒപ്പം കൈകോര്‍ക്കുന്നതോടെ ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റിലെ ചൈനീസ് കമ്പനികളുടെ സ്വാധീനം നഷ്ടമാകുമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

കഴിഞ്ഞ ആഴ്ച നടന്ന കമ്പനിയുടെ വാര്‍ഷിക യോഗത്തില്‍ വച്ചാണ് മുകേഷ് അംബാനി സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. ചെറിയ വിലയ്ക്ക് ലഭിക്കുന്ന 4ജി, 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി ഗൂഗിള്‍ ഒരു ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം തയ്യാറാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനെ പിന്‍പറ്റിയാണ് ഇപ്പോഴത്തെ നിഗമനങ്ങളിലേക്ക് വിദഗ്ദ്ധര്‍ എത്തിയിരിക്കുന്നത്.

നിലവില്‍ രാജ്യത്തെ പത്തില്‍ എട്ട് സ്മാര്‍ട്ട്‌ഫോണുകളും ചൈനീസ് കമ്പനികളുടേതാണ്. ഷവോമി, ബിബികെ ഇന്റസ്ട്രീസ് (റിയല്‍മി, ഒപ്പൊ, വിവോ) എന്നിവയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ രണ്ട് ബില്യണ്‍ ഡോളറിന്റെ സ്വാധീനമുണ്ട്. ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് റിലയന്‍സ് കടന്നുവന്നാല്‍ ഈ കമ്പനികളുടെ സ്വാധീനം നഷ്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Top