ജിയോക്കെതിരെ ആക്രമണം; പഞ്ചാബ് മുഖ്യമന്ത്രിക്ക് റിലയന്‍സിന്റെ കത്ത്

മുംബൈ: പഞ്ചാബിലെ ജിയോയുടെ നെറ്റ് വർക്കിനെതിരെ വ്യാപകമായി അജ്ഞാതര്‍ ആക്രമണം നടത്തുന്നുവെന്നാരോപിച്ച് റിലയന്‍സ് പഞ്ചാബ് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇതിൽ നടപടി ആവശ്യപ്പെട്ടു കൊണ്ടാണ് കത്ത്. കാര്‍‍ഷിക പരിഷ്കാരങ്ങളുടെ ഗുണഭോക്തക്കള്‍ അംബാനി, അദാനി എന്നിവരാണെന്ന വാദത്തിലാണ് കര്‍ഷക പ്രക്ഷോഭം നടക്കുന്ന ഈ വേളയിൽ ജിയോയുടെ സാമഗ്രികള്‍ക്കെതിരെ ആക്രമണം നടന്നത്. 179 മൊബൈല്‍ സിഗ്നല്‍ ടവറുകള്‍ തകര്‍ക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ തന്നെ റിലയന്‍സിന്‍റെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ കര്‍ഷക പ്രക്ഷോഭത്തിന് ഇറങ്ങിയ സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ജിയോയ്ക്കെതിരായ ആക്രമണങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറഞ്ഞത്. അതേ സമയം ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ടവറിന് കേടുപാടുണ്ടാക്കുക തുടങ്ങിയ വിവിധ കേസുകള്‍ പഞ്ചാബിന്‍റെ പലഭാഗത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ജലന്ധറില്‍ ജിയോ ഫൈബര്‍ കേബിള്‍ കത്തിക്കുന്നതും, ജിയോ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതുമായ വീഡിയോ അടുത്തിടെ പ്രചരിച്ചിരുന്നു.

Top