ജിയോ പ്ലാറ്റ്ഫോംസില്‍ സില്‍വര്‍ലേയ്ക്ക് വീണ്ടും 4546 കോടി രൂപകൂടി നിക്ഷേപിക്കും

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജിയോ പ്ലാറ്റ്ഫോംസില്‍ വീണ്ടും നിക്ഷേപത്തിനൊരുങ്ങി യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ലേയ്ക്ക്. 4,546.8 കോടി രൂപകൂടിയാണ് നിക്ഷേപിക്കുന്നത്.

ഇതോടെ 24 മണിക്കൂറിനുള്ളില്‍ 13,640 കോടിയോളം രൂപയുടെ നിക്ഷേപമാണ് കമ്പനിയിലെത്തിയത്.അബുദാബിയിലെ മുബാദല ഇന്‍വെസ്റ്റുമെന്റ് കമ്പനി 9,093.6 കോടി നിക്ഷേപിച്ചതിനു പിന്നാലെയാണ് സില്‍വര്‍ ലേയ്ക്കിന്റെ രണ്ടാംഘട്ട നിക്ഷേപമെത്തുന്നത്.

സില്‍വര്‍ ലേയ്ക്ക് നേരത്തെ 5,655.75 കോടി രൂപയാണ് നിക്ഷേപിച്ചിരുന്നത്.

ഫേസ്ബുക്കാണ് ജിയോയില്‍ ആദ്യമായി നിക്ഷേപം നടത്തിയത്. പിന്നാലെ വിസ്റ്റ ഇക്വിറ്റി, കെ.കെ.ആര്‍, ജനറല്‍ അറ്റ്‌ലാന്റിക്, മുബാദല തുടങ്ങിയ കമ്പനികളാണ് ഇതിന് മുമ്പ് ജിയോയില്‍ നിക്ഷേപം നടത്തിയത്.

ഫേസ്ബുക്ക് 43,573.62 കോടിയും സില്‍വല്‍ ലേയ്ക്ക് 5,655.75 കോടിയും വിസ്റ്റ ഇക്വിറ്റീസ് 11,367 കോടി രൂപയും ജനറല്‍ അറ്റ്‌ലാന്റിക് 6,598.38 കോടിയും കെകെആര്‍ 11,367 കോടിരൂപയും മുബാദല 9,093.60കോടി രൂപയുമാണ് നിക്ഷേപം നടത്തിയത്.ഇതോടെ ജിയോയിലെത്തുന്ന മൊത്തം വിദേശനിക്ഷേപം 92,202.15 കോടിയായി ഉയര്‍ന്നു.

Top