റിലയന്‍സ് ജിയോയ്ക്ക് നേരെ വ്യാപക പ്രതിഷേധം; 176 സിഗ്നല്‍ സൈറ്റുകള്‍ നശിപ്പിച്ചു

അമൃത്സര്‍: റിലയന്‍സ് ജിയോയ്ക്ക് നേരെ പഞ്ചാബില്‍ പ്രതിഷേധം കടുക്കുന്നു. 24 മണിക്കൂറിനിടെ 176 സിഗ്‌നല്‍ ട്രാന്‍സ്മിറ്റിങ് സൈറ്റുകളാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതുവരെ 1411 ടെലികോം ടവര്‍ സൈറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ഷക പ്രതിഷേധം ഒരു മാസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് റിലയന്‍സിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നത്.

ടെലികോം സേവനങ്ങള്‍ നശിപ്പിക്കരുതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പൊലീസ് സഹായമില്ലാതെ സേവനം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുകയാണെന്നാണ് ജിയോ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഡിസംബര്‍ 29ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നുണ്ട്. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയാകാമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ശനിയാഴ്ച അറിയിച്ചിരുന്നു. ചര്‍ച്ചയാകാമെന്നും എന്നാല്‍ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടിലാണ് കര്‍ഷകര്‍.

ഡിസംബര്‍ എട്ടിനായിരുന്നു കേന്ദ്രസര്‍ക്കാരുമായി കര്‍ഷകര്‍ അവസാനമായി ചര്‍ച്ച നടത്തിയിരുന്നത്. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചതോടെ നേരത്തെ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. ഭേദഗതികളെപ്പറ്റി ആലോചിക്കാമെന്നും താങ്ങുവിലയില്‍ ചില ഉറപ്പുകള്‍ നല്‍കാമെന്നുമായിരുന്നു കേന്ദ്രം ആവര്‍ത്തിച്ചിരുന്നത്. തുടര്‍ന്ന് ചര്‍ച്ചകള്‍ അവസാനിക്കുകയായിരുന്നു.

Top