വിപണി പിടിച്ചടക്കി ജിയോ; വരുമാനത്തിന്റെ കാര്യത്തില്‍ മുന്നേറ്റം

മുംബൈ: ടെലികോം മേഖലയില്‍ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാമതെത്തി ജിയോ. കഴിഞ്ഞ വര്‍ഷം വരെ മുമ്പില്‍ നിന്നിരുന്ന ഭാരതി എയര്‍ടെലിനെ പിന്‍തള്ളിയാണ് ജൂണ്‍ മാസത്തില്‍ പുറത്ത് വിട്ട ഫലത്തില്‍ ജിയോ മുന്നേറിയിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ മൂന്നുവര്‍ഷംകൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. പ്രവര്‍ത്തന വരുമാനത്തിന്റെ കാര്യത്തില്‍ വൊഡാഫോണ്‍ ഐഡിയയെയും ജിയോ മറികടന്നു. ജൂണ്‍ പാദത്തില്‍ 11,269.9 കോടി രൂപയാണ് വൊഡാഫോണ്‍ ഐഡിയയ്ക്ക് ലഭിച്ചത്. ജിയോയാകട്ടെ 11,679 കോടിയും.

മാര്‍ച്ച് പാദത്തില്‍ ഭാരതി എയര്‍ടെല്‍ 10,632 കോടി രൂപയാണ് വരുമാനമായി നേടിയത്. എയര്‍ടെലിന്റെ ജൂണ്‍ പാദത്തിലെ ഫലം വ്യാഴാഴ്ചയാണ് പുറത്തുവിടുക.

സൗജന്യ ഡാറ്റ പ്ലാന്‍ അവതരിപ്പിച്ചുകൊണ്ട് 2016 സെപ്റ്റംബറിലാണ് റിലയന്‍സ് ജിയോ പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് കുറഞ്ഞ നിരക്കോടെ വിപണി പിടിച്ചടക്കി. പ്രതിമാസം ശരാശരി 11 ജിബി ഡാറ്റയാണ് ലഭ്യമാവുക.

അംബാനിയുടെ അടുത്ത ലക്ഷ്യം ജിയോ ഗിഗാ ഫൈബറാണ്. രാജ്യത്തെ 1,600 നഗരങ്ങളിലാണ് ജിയോ ബ്രോഡ്ബാന്‍ഡ് സേവനം നല്‍കാനൊരുങ്ങുന്നത്.

Top