രാജ്യത്തെ ടെലികോം മേഖലയിലെ പുതിയ വിവാദമാണ് ജിയോയുടെ കോള്‍ റിങ് സമയം. എന്നാലിപ്പോള്‍ ആ വിവാദത്തിന് ചെറിയ ഒരു പരിഹാരം നടപ്പിലാക്കിയിരിക്കുകയാണ് ജിയോ. കോള്‍ റിങ് സമയം 20 ല്‍ നിന്ന് 25 സെക്കന്‍ഡായാണ് ജിയോ കൂട്ടിയത്.
എന്നാല്‍ 25 സെക്കന്‍ഡ് സമയം റിങ് പോരെന്നും 30 സെക്കന്‍ഡ് വേണമെന്നുമാണ് എയര്ല്ലും ഐഡിയയും വോഡഫോണും ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് മൂവരും ട്രായിക്ക് പരാതിയും നല്‍കിയിരുന്നു.
ജിയോ മിസ്ഡ് കോള്‍ അടിച്ച് തങ്ങള്‍ക്ക് പ്രതിദിനം 80 ലക്ഷം രൂപ നഷ്ടമുണ്ടാക്കുന്നുവെന്നാണ് എയര്ല്ലും ഐഡിയയും വോഡഫോണും ട്രായിയെ അറിയിച്ചത്. എന്നാല്‍ തിരിച്ചാണു കാര്യങ്ങളെന്ന് ജിയോയും വാദിച്ചു. രാജ്യാന്തര തലത്തില്‍ ശരാശരി റിങ് സമയം 15 മുതല്‍ 20 വരെയാണെന്നും ഇതാണ് പിന്തുടരുന്നതെന്നും ജിയോ അറിയിച്ചു.
അടുത്ത കാലത്ത് ജിയോ നെറ്റ്വര്ക്കില് നിന്ന് വിളിച്ചാല്‍ നാലഞ്ചു റിങ് അടിച്ച ശേഷം അങ്ങേത്തലയിലുള്ള ആള് എടുത്തില്ലെങ്കില്‍ കോള്‍ കട്ടാകുന്നതു കാണാം. ഏകദേശം 20 സെക്കന്‍ഡ് ആണ് ജിയോയുടെ റിങ് നിലനിന്നിരുന്നത്. സാധാരണഗതിയില്‍ അത് 40 സെക്കന്‍ഡ് വരെ ദീര്ഘിക്കേണ്ടതാണ്. ചുരുക്കി പറഞ്ഞാല്‍ ജിയോ തങ്ങളുടെ നെറ്റ്വര്‍ക്കിലേക്ക് ഒരു മിസ്ഡ് കോള്‍ ഇട്ടതിനു തുല്യമാണീ പരിപാടിയെന്നാണ് എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും ആരോപിക്കുന്നത്.