സെപ്റ്റംബര്‍ അഞ്ച് മുതല്‍ റിലയന്‍സ് ജിയോ ഗിഗാഫൈബര്‍ സേവനമാരംഭിക്കുന്നു

മുംബൈ: വാണിജ്യാടിസ്ഥാനത്തില്‍ റിലയന്‍സ് ജിയോ ഗിഗാഫൈബര്‍ സേവനമാരംഭിക്കുന്നു. റിലയന്‍സ് ജിയോയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ അഞ്ച് മുതല്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഗിഗാഫൈബര്‍ എത്തുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ 50 ലക്ഷം വീടുകളില്‍ ഗിഗാഫൈബര്‍ സേവനം നല്‍കുന്നുണ്ട്. സെക്കന്റില്‍ ഒരു ജിബി വരെ വേഗതയിലുള്ള ബ്രോഡ്ബാന്റ് സേവനം, അധിക ചെലവില്ലാതെ ലാന്റ് ലൈന്‍ സേവനം, അള്‍ട്രാ എച്ച്ഡി വിനോദം, വിര്‍ച്വല്‍ റിയാലിറ്റി ഉള്ളടക്കങ്ങള്‍, മള്‍ടി പാര്‍ട്ടി വീഡിയോ കോണ്‍ഫറന്‍സിങ്, ശബ്ദനിയന്ത്രിതമായ വിര്‍ച്വല്‍ അസിസ്റ്റന്റ്, ഗെയിമിങ്, വീട് സുരക്ഷ, സ്മാര്‍ട് ഹോം സേവനങ്ങള്‍ തുടങ്ങിയവ ജിയോ ഹോം ബ്രോഡ് ബാന്‍ഡ് സേവനത്തിലൂടെ ലഭ്യമാകും.

2016 ല്‍ തുടങ്ങിയ ബീറ്റാ പരീക്ഷണങ്ങള്‍ക്ക് വിരാമമിട്ടാണ് ജിയോ ഗിഗാഫൈബര്‍ ഇന്ത്യന്‍ ഉപയോക്താക്കളിലേക്ക് എത്തുന്നത്. ഗിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കായി 1.5 കോടി രജിസ്‌ട്രേഷനുകളാണ് ഇതിനോടകം ലഭിച്ചിട്ടുള്ളത്. രണ്ട് കോടി വീടുകളിലേക്കും ഒന്നര കോടി വ്യവസായ സ്ഥാപനങ്ങളിലേക്കും സേവനം ലഭ്യമാക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്.

ജിയോ ഫൈബര്‍ വഴി ടെലിവിഷന്‍ സേവനങ്ങളും ലഭ്യമാകുമെന്നാണ് വിവരം. ഡിടിഎച്ച് സേവനങ്ങളേക്കാള്‍ മികച്ച സൗകര്യങ്ങളോടെ പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് സേവനങ്ങള്‍ നല്‍കാനാവുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി. ടെലിവിഷന്‍ സേവനങ്ങള്‍ക്കായി വിവിധ ഉദ്ദേശ്യങ്ങളോടുകൂടിയുള്ള 4- കെ സെറ്റ് ടോപ്പ് ബോക്‌സും ജിയോ അവതരിപ്പിച്ചു.

ഹാത്ത് വേ, ഡെന്‍ പോലുള്ള മുന്‍നിര കേബിള്‍ ഓപ്പറേറ്റര്‍ സേവനങ്ങളെ ഏറ്റെടുത്ത റിലയന്‍സ്, ഈ സേവനങ്ങള്‍ക്ക് കീഴിലുള്ള പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സഹായത്തോടെയാണ് ടെലിവിഷന്‍ സേവനങ്ങള്‍ ഉപയോക്താക്കളിലെത്തിക്കുക.

Top