ടിക്കറ്റ് നിരക്ക് കുത്തനെ കുറയും, 400 കിമി മൈലേജുള്ള സൂപ്പര്‍ ബസ്സുകളുമായി റിലയന്‍സ് ഗ്രൂപ്പ്

പുനരുപയോഗ ഊര്‍ജത്തിലേക്കുള്ള പ്രധാന ചുവടുവെപ്പിലാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍). ജാംനഗറില്‍ 20ജി.ഡബ്ല്യൂ സോളാര്‍ ഫോട്ടോവോള്‍ട്ടെയ്ക് മൊഡ്യൂള്‍ നിര്‍മ്മാണ പദ്ധതി കമ്പനി ആരംഭിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആദ്യ ഘട്ടത്തില്‍ 5 ജി.ഡബ്ല്യൂ ഉള്‍പ്പെടുന്നു, ഇത് 2024 മാര്‍ച്ചോടെ കമ്മീഷന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായി നാല് ഘട്ടങ്ങളിലായാണ് പദ്ധതി മുന്നോട്ട് പോകുന്നത്.

ആദ്യ ഘട്ടത്തെത്തുടര്‍ന്ന്, ശേഷി 10 ജി.ഡബ്ല്യൂ ആയി ഉയര്‍ത്തുകയും ഒടുവില്‍ 2026-ഓടെ പൂര്‍ണ്ണമായ 20 ജി.ഡബ്ല്യൂവില്‍ എത്തുകയും ചെയ്യും. അതേസമയം ഹൈഡ്രജന്‍ ഇന്ധന മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാനും റിലയന്‍സ് തയ്യാറെടുക്കുന്നുണ്ട്. രാജ്യത്തിന്റെ ഗതാഗതമേഖലയില്‍ വന്‍ വിപ്ലവത്തിനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍സിറ്റി ലക്ഷ്വറി കണ്‍സെപ്റ്റ് കോച്ചിനെ അവതരിപ്പിച്ചത്.

മെഴ്സിഡസ് ബെന്‍സിന്റെ സഹോദര കമ്പനിയായ ഡെയ്മ്ലര്‍ ട്രക്ക് എജിയുടെ അനുബന്ധ സ്ഥാപനമായ ഭാരത്‌ബെന്‍സുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ് റിലയന്‍സ്. മാത്രമല്ല ട്രക്ക് എഞ്ചിന്‍ നിര്‍മ്മാണത്തിന് വാഹന ഭീമന്മാരായ അശോക് ലെയ്‌ലന്‍ഡുമായും ഇലക്ട്രിക് ബസ് നിര്‍മ്മാതാക്കളായ ഒലെക്ട്ര ഗ്രീന്‍ടെക്കുമായുമൊക്കെ സഹകരിക്കുന്നുണ്ട് കമ്പനി. അതേസമയം 400 കിമി മൈലേജുള്ള ഈ റിയലയന്‍സ് ബസുകള്‍ രാജ്യത്തെ ബസ് സര്‍വ്വീസുകളുടെ മുഖച്ഛായ തന്നെ ഒരുപക്ഷേ മാറ്റിയേക്കും. ഈ ബസുകള്‍ ഉള്‍പ്പെടെ റിലയന്‍സിന്റെ ഗതാഗതമേഖലയിലെ പദ്ധതികള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്.

അടുത്തിടെ ഗോവയില്‍ നടന്ന ഇന്ത്യയുടെ ജി20 പ്രസിഡന്‍സിക്ക് കീഴിലുള്ള നാലാമത്തെ എനര്‍ജി ട്രാന്‍സിഷന്‍സ് വര്‍ക്കിംഗ് ഗ്രൂപ്പ് മീറ്റിംഗില്‍ ഹൈഡ്രജന്‍ പവര്‍ഡ് കണ്‍സെപ്റ്റ് കോച്ച് പ്രദര്‍ശിപ്പിച്ചിരുന്നു. നിലവില്‍ കണ്‍സെപ്റ്റ് രൂപത്തിലാണ് വരാനിരിക്കുന്ന ഈ ഹൈഡ്രജന്‍-പവര്‍ ബസ്. ഇതിന്റെ വിപുലമായ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 12 മാസത്തോളം ഇതിനെ വിപുലമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാകും. ഈ ബസ് ഏകദേശം 300 ബിഎച്ച്പി കരുത്ത് വികസിപ്പിക്കുകയും ഇന്റര്‍സിറ്റി ആപ്ലിക്കേഷനുകള്‍ക്ക് അനുയോജ്യമാക്കുകയും ചെയ്യും.

Top