റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ നമ്പർ പോര്‍ട്ടബിലിറ്റി കാലാവധി നീട്ടി

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ഉപയോക്താക്കള്‍ക്ക് മറ്റ് സേവന ദാതാക്കളുടെ നെറ്റ്‌വര്‍ക്കിലേക്ക് മാറാനുള്ള സമയപരിധി ട്രായ് ഒരു മാസം കൂടി നീട്ടി നല്‍കി.റിലയന്‍സ് കമ്മ്യൂണിക്കേഷൻസ് 2ജി സേവനങ്ങള്‍ അവസാനിപ്പിച്ചതിനാലാണ് പോർട്ട് ചെയ്യാനുള്ള സമയം നീട്ടിയത്.

ജനുവരി 31 വരെ എല്ലാ ‘യുണീക് പോര്‍ട്ടിങ് കോഡുകളും’ സൂക്ഷിച്ച് വെക്കാന്‍ ട്രായ് കമ്പനിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.മൊബൈല്‍ പോര്‍ട്ടിങ് അപേക്ഷ നല്‍കുന്ന ഉപയോക്താക്കള്‍ക്ക് നല്‍കുന്ന പ്രത്യേക കോഡ് ആണ് യുണീക് പോര്‍ട്ടിങ് കോഡ്. ആന്ധ്രാപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തമിഴ്നാട്, കര്‍ണാടക, കേരള എന്നിവിടങ്ങളില്‍ ഡിസംബര്‍ ഒന്ന് മുതലാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 2ജി സേവനങ്ങള്‍ അവസാനിപ്പിച്ചത്.

റിലയന്‍സ് നമ്പറില്‍ നിന്നും പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന നിരവധി പരാതികള്‍ ട്രായിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് പോര്‍ട്ടിങ് പ്രക്രിയ സുഗമമാക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും ട്രായ് റിലയന്‍സ് കമ്മ്യൂണിക്കേഷന് നല്‍കിയിട്ടുണ്ട്.

സേവനങ്ങള്‍ അവസാനിപ്പിച്ച അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഏറ്റെടുക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

Top