അഞ്ച് വര്‍ഷ കാലയളവില്‍ സമ്പത്ത് സൃഷ്ടിച്ച കമ്പനികളില്‍ റിലയന്‍സും ടിസിഎസും മുന്നില്‍

ഞ്ച് വര്‍ഷ കാലയളവില്‍ സമ്പത്ത് സൃഷ്ടിച്ച ഓഹരികളില്‍ മുന്നില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍ എന്നീ നാല് കമ്പനികളും നിക്ഷേപകന് മികച്ച നേട്ടമാണ് 2018-23 കാലയളവില്‍ നേടിക്കൊടുത്തത്.

മുന്‍നിരയിലെ 10 കമ്പനികളില്‍ 10 ലക്ഷം രൂപ ഈ കാലയളവില്‍ നിക്ഷേപിച്ചിരുന്നുവെങ്കില്‍ 2023ല്‍ അതിന്റെ മൂല്യം ഒരുകോടി രൂപയിലെത്തുമായിരുന്നു. 59 ശതമാനമാണ് വാര്‍ഷിക നേട്ടം. ബിഎസ്ഇ സെന്‍സെക്‌സിലെ ഉയര്‍ച്ച 12 ശതമാനം മാത്രമായിരുന്നു.

മോത്തിലാല്‍ ഒസ്‌വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ് ഉള്‍പ്പടെയുള്ള അഞ്ച് കമ്പനികള്‍ ചേര്‍ന്ന് 2018നും 2023നുമിടയില്‍ 27 ലക്ഷം കോടി രൂപയുടെ സമ്പത്താണ് സൃഷ്ടിച്ചത്.

സമ്പത്ത് സൃഷ്ടിക്കുന്നകാര്യത്തില്‍ അഞ്ചാം തവണയും റിലയന്‍സ് ആണ് മുന്നില്‍. കൗതുകകരമെന്ന് പറയട്ടെ, കൂടുതല്‍ സമ്പത്ത് നിക്ഷേപകന് സമ്മാനിച്ച 10 ഓഹരികളുടെ പട്ടികയില്‍ കുറച്ച് വര്‍ഷങ്ങള്‍ക്കുശേഷം എച്ച്ഡിഎഫ്‌സി ബാങ്ക് ഇടംപിടിച്ചില്ല. അഞ്ച് വര്‍ഷക്കാലയളവിലെ സെന്‍സെക്‌സിന്റെ റിട്ടേണിന് താഴെയായിരുന്നു ഓഹരിയിലെ മുന്നേറ്റം. അടുത്തവര്‍ഷത്തെ റിപ്പോര്‍ട്ടില്‍ സ്ഥാനം വീണ്ടെടുത്തേക്കുമെന്നാണ് വിലയിരുത്തല്‍.

അത്രതന്നെ മികച്ചതല്ലാത്ത കമ്പനിയായ ലോയ്ഡ് മെറ്റല്‍സ് 2018-23 കാലയളവില്‍ അതിവേഗം സമ്പത്ത് സൃഷ്ടിച്ച കമ്പനികളിലൊന്നായി. ഈ ഓഹരിയിലെ വാര്‍ഷിക റിട്ടേണ്‍ 79 ശതമാനമാണ്. ചെറുകിട-ഇടത്തരം ഓഹരികളെ ചുറ്റിപ്പറ്റി വിപണിയില്‍ ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോള്‍ സമ്പത്ത് സൃഷ്ടിച്ച് മുന്നിലെത്തിയ പത്ത് കമ്പനികളില്‍ ആറ് എണ്ണത്തിന്റെയും വിപണിമൂല്യം 2018ല്‍ 5,000 കോടി രൂപയില്‍ താഴെയായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

അതുകൊണ്ടുതന്നെ വളര്‍ച്ച മുന്നില്‍ കണ്ട് മികച്ച ചെറുകിട-ഇടത്തരം കമ്പനികളുടെ ഓഹരികള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാമെന്നാണ് മോത്തിലാല്‍ ഒസ്‌വാളിന്റെ നിര്‍ദേശം. ഓഹരി വിലയില്‍ കനത്ത ചാഞ്ചാട്ടമുണ്ടാകുമെന്നതാണ് ചെറുകിട-ഇടത്തരം ഓഹരികളുടെ പ്രത്യേകത. അതേസമയം, അഞ്ച് വര്‍ഷകാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ശേഷി ഈ ഓഹരികള്‍ക്കുണ്ടുതാനും. ഓഹരിവിലയിലെ ഏറ്റക്കുറച്ചിലുകള്‍ നിക്ഷേപകരെ ഉത്കണ്ഠാകുലരാക്കിയേക്കാം എങ്കിലും മുന്നോട്ടുപോയാല്‍ മികച്ച ആദായം നേടാനുള്ള സാധ്യതയുമുണ്ട്-റിപ്പോര്‍ട്ടില്‍ പറയുന്നു.

സെക്ടറുകളിലെ നേട്ടം വിലയിരുത്തിയാല്‍ ടെക്‌നോളജി തന്നെയാണ് മുന്നിലെത്തിയത്. കണ്‍സ്യൂമര്‍ ആന്‍ഡ് റീട്ടെയില്‍, ധനകാര്യം എന്നീ സെക്ടറുകളും നേട്ടത്തിന്റെ കാര്യത്തില്‍ മുന്നില്‍തന്നെ നിന്നു. 2018-23 കാലയളവില്‍ മുന്‍നിരയിലെ 100 ഓഹരികള്‍ 70.5 ലക്ഷം കോടി രൂപയുടെ സമ്പത്താണ് സൃഷ്ടിച്ചത്. ഇതിന് മുമ്പത്തെ അഞ്ച് വര്‍ഷ(2017-22)കാലയളവിലെ 92.2 ലക്ഷം കോടിയേക്കാള്‍ കുറവാണിത്. വിപണിയുടെ നീക്കത്തേക്കാള്‍ ഓഹരിയില്‍ കേന്ദ്രീകരിച്ചുള്ള നിക്ഷേപമാണ് അഭികാമ്യമെന്ന് റിപ്പോര്‍ട്ട് നീരിക്ഷിക്കുന്നു.

Top