റിലയന്‍സും ഡിസ്നിയും ലയനത്തിന് ഒരുങ്ങുന്നു; ഇരുകമ്പനികളും നോണ്‍- ബൈന്‍ഡിങ് ടേമില്‍ ഒപ്പുവെച്ചു

ഡല്‍ഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുളള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മീഡിയ വിഭാഗവും വാള്‍ട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മീഡിയ ബിസിനസും ലയിക്കാന്‍ ഒരുങ്ങുന്നു. ലയനത്തിന്റെ ഭാഗമായി ഇരുകമ്പനികളും നോണ്‍- ബൈന്‍ഡിങ് ടേമില്‍ ഒപ്പുവെച്ചു. 2024 ഫെബ്രുവരിയോടെ ലയനം പൂര്‍ത്തിയാവുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ലയനത്തോടെ പുതുതായി രൂപീകരിക്കപ്പെടുന്ന കമ്പനിയില്‍ റിലയന്‍സിന് 51 ശതമാനവും ഡിസ്നിക്ക് 49 ശതമാനം പങ്കാളിത്തവുമാണ് ഉണ്ടാവുക.

ഇരുകമ്പനികളുടെയും ലയനത്തെക്കുറിച്ച് ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലയനം പൂര്‍ത്തിയാവുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ മീഡിയ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായി ഇതുമാറും. നിലവില്‍ വയകോം 18-നു കീഴിലായി റിലയന്‍സ് ഇന്ത്യ ലിമിറ്റഡിന് നിരവധി ടെലിവിഷന്‍ ചാനലുകളും സ്ട്രീമിങ് ആപ്പുകളുമുണ്ട്. സ്റ്റാര്‍ ഇന്ത്യയുടെ നിയന്ത്രണത്തിനായി റിലയന്‍സ് വയകോം 18-ന് കീഴില്‍ പ്രത്യേക യൂണിറ്റുണ്ടാക്കാനാണ് പദ്ധതിയെന്ന് പുതിയ കരാര്‍ ഉദ്ധരിച്ച് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു. 150 കോടി ഡോളര്‍വരെ മൂലധനനിക്ഷേപം ഉദ്ധേശിക്കുന്ന പദ്ധതിയും ഇരുവിഭാഗവും ചര്‍ച്ച ചെയ്തുവെന്നാണ് സൂചന.

ഡിസ്നിക്കു കീഴിലായി ഇന്ത്യയില്‍ വിവിധ ടി.വി. ചാനലുകളും ഹോട്സ്റ്റാര്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ വിറ്റൊഴിവാക്കാനോ ജോയിന്റ് വെഞ്ച്വര്‍ രൂപീകരിക്കാനോ ഡിസ്നി പദ്ധതിയിട്ടിരുന്നു.

Top