reliance 4 g network Corruption

കൊച്ചി: ഒരു സാധാരണക്കാരന്‍ വിചാരിച്ചാലും കുത്തക കമ്പനിയെ പ്രഹരിക്കാന്‍ പറ്റുമെന്ന് തെളിയിച്ച് കൊച്ചി കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ശ്രീജിത്ത്. 4 ജി സ്ഥാപിക്കാനായി എം.ജി. റോഡിലൂടെ കേബിള്‍ വലിച്ചിരുന്ന റിലയന്‍സിനാണ് മുന്‍കൗണ്‍സിലറുടെ നടപടിമൂലം പണി കിട്ടിയത്.

പത്മ മുതല്‍ തോപ്പുംപടി വരെ റോഡിന്റെ ഇടത് ഭാഗത്ത് റോഡിന്റെ വശം ചേര്‍ന്ന് കേബിള്‍ ഇടാനായിരുന്നു പി.ഡബ്ല്യു.ഡി അധികൃതര്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ബന്ധപ്പെട്ടവര്‍ കണ്ണടച്ചതോടെ കേബിള്‍ ഇടുന്നതിനായി ഇടതു ഭാഗത്തെ റോഡിന്റെ സെന്‍ട്രലിലായി വെട്ടിപ്പൊളിച്ച് കേബിള്‍ ഇട്ട് പോകുകയായിരുന്നു. വെട്ടി പൊളിച്ചിടത്ത് ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് അപ്പോള്‍ തന്നെ കോണ്‍ക്രീറ്റ് ചെയ്തായിരുന്നു പണി പുരോഗമിച്ചിരുന്നത്.

രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ 4 മണി വരെയായിരുന്നു ഈ പ്രവര്‍ത്തി അരങ്ങേറിയിരുന്നത്. മേയര്‍ സൗമിനി ജെയിനിന്റെ രവിപുരത്തെ വീടിന് മുന്നിലൂടെ റോഡിന്റെ മധ്യഭാഗത്ത് വെട്ടിപ്പൊളിച്ച് കേബിള്‍ ഇടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മേയര്‍ തന്നെ നേരിട്ടെത്തി കാര്യമെന്താണെന്ന് അന്വേഷിച്ചെങ്കിലും അനുമതിയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ മറുപടി നല്‍കിയതോടെ തിരിച്ചു പോവുകയായിരുന്നുവത്രേ.

ഇതിനുശേഷമാണ് സിനിമ കഴിഞ്ഞ് മടങ്ങുകയായിരുന്ന മുന്‍ കൗണ്‍സിലറും സി.പി.എം. പള്ളുരുത്തി ഏരിയാ കമ്മിറ്റി അംഗവുമായ ശ്രീജിത്തിന്റെ ശ്രദ്ധയില്‍ ഇക്കാര്യം പെട്ടത്. റോഡിന്റെ സെന്‍ട്രല്‍ ഭാഗത്ത് റോഡ് വെട്ടിപൊളിച്ചയിടത്ത് സിമന്റ് കൊണ്ട് അടച്ച ഭാഗത്ത് ബൈക്ക് പാളിയതോടെയായിരുന്നു ഇത്.

തുടര്‍ന്ന് അവിടെ കേബിള്‍ വര്‍ക്കിന്റെ ചുമതലയുണ്ടായിരുന്നവരോട് കാര്യം തിരക്കിയപ്പോള്‍ നേരത്തെ മേയറോട് പറഞ്ഞ പല്ലവി തന്നെ അവര്‍ ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെ ഉത്തരവിന്റെ കോപ്പി കാണണമെന്നായി ശ്രീജിത്ത്.

ഉത്തരവില്‍ റോഡിന്റെ വശത്തോട് ചേര്‍ത്ത് മാത്രമേ കേബിള്‍ ഇടാന്‍ അനുമതി ഉണ്ടായിരുന്നുള്ളു. മാത്രമല്ല ഇതിന്റെ കാലാവധി മെയ് 30 ന് കഴിയുകയും ചെയ്തിരുന്നു. എന്ത് പ്രവര്‍ത്തിക്കായിരുന്നാലും റോഡ് കുത്തിപൊളിക്കരുതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനിട്ട ഉത്തരവും ഇവിടെ പരസ്യമായി ലംഘിക്കപ്പെട്ടു. ഇതോടെയാണ് അര്‍ദ്ധരാത്രി സ്‌പോട്ടില്‍വച്ച് തന്നെ ശ്രീജിത്ത് മന്ത്രി സുധാകരനെ വിളിച്ച് കാര്യം ധരിപ്പിച്ചത്.

പി.ഡബ്ല്യുഡി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട മന്ത്രി തിരിച്ച് ശ്രീജിത്തിനെ വിളിച്ച് അവിടെ അത്തരം പണി നടക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരമെന്ന് പറഞ്ഞ് ഫോണ്‍ വച്ചു. ഇതോടെ വിടാന്‍ ഭാവമില്ലാതിരുന്ന ശ്രീജിത്ത് പൊലീസിനെയും വിളിച്ചുവരുത്തി വീണ്ടും മന്ത്രിയെ വിളിക്കുകയായിരുന്നു. ഇതിനിടെ ചില ഓഫറുകള്‍ നല്‍കി ശ്രീജിത്തിനെ വശത്താക്കാന്‍ നീക്കവുമുണ്ടായത്രേ.

കാര്യമെന്തായാലും അര്‍ദ്ധരാത്രി രണ്ടാമത് വിളിച്ചപ്പോഴും മന്ത്രിയെ തന്നെ നേരിട്ട് കിട്ടിയത് വഴിത്തിരിവായി.

താന്‍ പറയുന്നത് ശരിയാണെന്ന് ബോദ്ധ്യപ്പെടുത്താന്‍ മന്ത്രിയെ ലൈനില്‍ നിര്‍ത്തി ഫോണ്‍ പൊലീസിന് നല്‍കിയതോടെ റോഡ് വെട്ടിപൊളിച്ച് പണി നടക്കുന്നുണ്ടെന്ന് മന്ത്രിക്ക് ബോദ്ധ്യമായി. ഇതോടെ പി.ഡബ്ല്യുഡി ഉദ്യോഗസ്ഥരെ വിളിച്ച് മന്ത്രി വിറപ്പിച്ചു. ഇതോടെ ഉറക്കം വിട്ടുണര്‍ന്ന് ഓടി കിതച്ചെത്തിയ ഉദ്യോഗസ്ഥ പടയും ശ്രീജിത്തിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

തുടര്‍ന്ന് കേബിള്‍ ഇടാന്‍ കൊണ്ടുവന്ന ജെ.സി.ബി, ജോലിക്കാരെ കൊണ്ടുവന്ന വാഹനം, റോഡിന്റെ സെന്‍ട്രല്‍ ഭാഗം പൊളിക്കുന്നതിനായി കൊണ്ടുവന്ന ആധുനിക കട്ടര്‍ വാഹനം തുടങ്ങിയവ പോലീസ് കസ്റ്റഡിയിലെടുത്തു സംഭവുമായി ബന്ധപ്പെട്ട് കൃത്യ വിലോപം കാട്ടിയ രണ്ട് ഉദ്യോഗസ്ഥരെയും മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

90 ശതമാനം പൂര്‍ത്തിയായ വര്‍ക്കിനാണ് ഇതോടെ റെഡ് സിഗ്‌നലായത്. കരാറുകാര്‍ക്ക് നാലര കോടി രൂപയോളമാണ് ‘ബ്ലോക്ക് ‘ ആയതെങ്കില്‍ റിലയന്‍സിനെ സംബന്ധിച്ച് കൊച്ചിയിലെ 4 ജി സ്വപ്നം തന്നെ ത്രിശങ്കുവിലായിരിക്കുകയാണ്.

Top