രാജമൗലി ചിത്രം ‘ആര്‍ആര്‍ആറി’ന്റെ റിലീസ് വീണ്ടും നീട്ടി

രാജമൗലി സംവിധാനം ചെയ്യുന്ന ‘ആര്‍ആര്‍ആറി’ന്റെ റിലീസ് വീണ്ടും നീട്ടിവച്ചു. വരുന്ന ഒക്ടോബര്‍ 13 ആണ് റിലീസ് തീയതിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്താന്‍ ഇനിയും സമയമെടുക്കും എന്നതിനാലാണ് പുതിയ തീരുമാനം. പുതിയ തീയതി പ്രഖ്യാപിച്ചിട്ടുമില്ല.

‘2021 ഒക്ടോബറിലേക്ക് തിയറ്ററുകളില്‍ എത്തിക്കാനാവുന്ന തരത്തില്‍ ആര്‍ആര്‍ആറിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ മിക്കവാറും പൂര്‍ത്തിയായിട്ടുണ്ട്. പക്ഷേ തിയറ്ററുകള്‍ അനിശ്ചിതമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ റിലീസ് നീട്ടിവെക്കുകയാണ്. പുതിയ ഒരു തീയതി പ്രഖ്യാപിക്കാനും സാധിക്കുന്നില്ല. ലോകസിനിമാ വിപണികള്‍ പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍, ഒട്ടും താമസിയാതെ ഞങ്ങള്‍ ചിത്രം റിലീസ് ചെയ്യും’, നിര്‍മ്മാതാക്കള്‍ അറിയിച്ചു.

2018 നവംബര്‍ 19നാണ് രാജമൗലി ‘ആര്‍ആര്‍ആറി’ന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ മാസങ്ങളോളം നിര്‍ത്തിവെക്കേണ്ടിവന്ന ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വീണ്ടും പുനരാരംഭിച്ചത്. ‘രൗദ്രം രണം രുധിരം’ എന്നതിന്റെ ചുരുക്കെഴുത്താണ് ‘ആര്‍ആര്‍ആര്‍’. ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, അജയ് ദേവ്ഗണ്‍, അലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങി വന്‍ താരനിരയെയാണ് രാജമൗലി അണിനിരത്തുന്നത്.

1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് ഇവര്‍. അതേസമയം ഇവര്‍ യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ല. ഇരുവരും പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ രാജമൗലി ഒരുക്കിയിരിക്കുന്നത്.

Top