എന്ത്തരം സര്‍ക്കാരാണിത്, കോവിഡില്‍ മരിച്ചവരുടെ യഥാര്‍ഥ കണക്ക് പുറത്തു വിടണമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ യഥാര്‍ഥ കണക്ക് പുറത്തു വിടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ നഷ്ട പരിഹാരമായി നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടെങ്കില്‍ ജനങ്ങളുടെ ദുരിതങ്ങള്‍ മാറ്റണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്ന ഗുജറാത്ത് മോഡലിനെ വിമര്‍ശിച്ചു കൊണ്ടുള്ള വീഡിയോയും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ചു.

‘ആശുപത്രികളില്‍ ജനങ്ങളെ സഹായിക്കേണ്ട സമയത്ത് നിങ്ങള്‍ അവിടെ എത്തിയില്ല. ആശുപത്രികളില്‍ പത്തും പതിനഞ്ചും ലക്ഷം രൂപയും കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ടപ്പോഴും നിങ്ങള്‍ അവിടെ എത്തിയില്ല, നഷ്ടപരിഹാരം നല്‍കിയില്ല. എന്ത് തരം സര്‍ക്കാരാണിത് ‘രാഹുല്‍ ഗാന്ധി ആരാഞ്ഞു.

അതേസമയം, കോവിഡ് രോഗികള്‍ക്ക് വേണ്ടി സര്‍ക്കാറിന് സാധ്യമായതെല്ലാം ചെയ്തുവെന്ന് ബി.ജെ.പി വക്താവ് ടോം വടക്കന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറായാലും കേന്ദ്ര സര്‍ക്കാറായാലും കോവിഡ് രോഗികള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റേത് സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്നതിലും കൂടുതല്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും ടോം വടക്കന്‍ പ്രതികരിച്ചു. കര്‍ഷക പ്രക്ഷോഭത്തിനെ കുറിച്ചുള്ള കോണ്‍ഗ്രസിന്റെ കഥകള്‍ കഴിഞ്ഞു, ജനങ്ങളെ ആകര്‍ഷിക്കാനാണ് രാഹുലിന്റെ ഈ പ്രസ്താവനയെന്നും ടോം വടക്കന്‍ കൂട്ടി ചേര്‍ത്തു.

Top