റിലീസ് ഉറപ്പിച്ച് ‘ഗോള്‍ഡ്’, സെൻസറിംഗ് പൂർത്തിയായി

‘പ്രേമ’ത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്യുന്ന ‘ഗോള്‍ഡ്’ ഡിസംബര്‍ ഒന്നിനാണ് തിയറ്ററില്‍ റിലീസ് ചെയ്യുക. ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുമ്പോള്‍ പ്രധാന സ്‍ത്രീ കഥാപാത്രമായി എത്തുന്നത് ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാരയാണ്. ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഓണത്തിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും അവസാനനിമിഷം മാറ്റിവച്ചിരുന്നു. എന്തായാലും കാത്തിരിപ്പിന് ഒടുവില്‍ പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്ന ചിത്രത്തിന്റെ സെൻസറിംഗ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്.

ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 165 മിനിട്ടാണ് ചിത്രത്തിന്റ ദൈര്‍ഘ്യം. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം.

അല്‍ഫോണ്‍സ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്.

Top