ബിനീഷിന്റെ വീടിനു മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം; ഭാര്യയെ വീട്ടുതടങ്കലില്‍ വെച്ചെന്ന്

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടിന് മുന്നില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍. വീടിനുള്ളിലുള്ള വരെ കാണണമെന്നാവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധുക്കള്‍ വാക്കേറ്റമുണ്ടായി. അതേസമയം അകത്തേക്ക് പ്രവേശിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയില്ല. അകത്തുള്ളവരെ കാണാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ അറിയിച്ചത്. അനുമതി നല്‍കുന്നതു വരെ ഗേറ്റിന് പുറത്ത് കുത്തിയിരിക്കുമെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു.

വീട്ടിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്കറിയണം. രണ്ട് സ്ത്രീകളും രണ്ടര വയസ്സുള്ള കുട്ടി പോലും വീടിനുള്ളിലുണ്ട്. അവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് അറിയണം. വീട്ടുതടങ്കലില്‍ വെച്ചത് പോലെയാണ് ഇപ്പോഴുള്ളത്. ഫോണിലൂടെ ബന്ധപ്പെടാന്‍ പോലും സാധിക്കുന്നില്ല. നിയമനടപടിയുമായി മുന്നോട്ടുപോവും.

മനുഷ്യത്വത്തിന്റെ പേരിലെങ്കിലും ഉള്ളിലുള്ളവരെ കാണാന്‍ അനുവദിക്കണമെന്നും ബന്ധുക്കള്‍ പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡ് അവര്‍ കൊണ്ടുവച്ചതായിരിക്കും. കാര്‍ഡ് വീട്ടില്‍ നിന്ന് കണ്ടെത്തിയതാണെന്ന് സമ്മതിക്കില്ലെന്നാണ് ബിനീഷിന്റെ അമ്മയുടെ സഹോദരി പറഞ്ഞത്.

എന്നാല്‍ ബന്ധുക്കളെ ഇപ്പോള്‍ കാണേണ്ടെന്നാണ് ബിനീഷിന്റെ ഭാര്യ പറഞ്ഞതെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ പൊലീസിനെ അറിയിക്കുകയും അത് ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു. ഇത് ഭീഷണിപ്പെടുത്തി പറയിച്ചതായാകാമെന്നും ബന്ധുക്കള്‍ പറയുന്നു.

ഇ.ഡിക്കൊപ്പം കര്‍ണാടക പൊലീസും സിആര്‍പിഎഫും ബിനീഷിന്റെ വീട്ടിലുണ്ട്. കഴിഞ്ഞ 23 മണിക്കൂറായി അന്വേഷണസംഘം ബിനീഷിന്റെ വീട്ടില്‍ നടത്തുകയാണ്. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൂജപ്പുരയില്‍ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

Top